ദില്ലി: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാര ബന്ധത്തിനും പരസ്പര സഹകരണത്തിനും ഊന്നൽ നൽകിയ ചർച്ചകളാണ് നടന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചും ചർച്ചയായി. ഫെബ്രുവരിയിൽ അദ്ദേഹം അമേരിക്ക സന്ദർശിച്ചേയ്ക്കും.
ഇൻഡോ പെസഫിക് മേഖലയുടെ സുരക്ഷ, മിഡിൽ ഈസ്റ്റിലും യൂറോപ്പിലും നടക്കുന്ന സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. അമേരിക്കൻ നിർമ്മിത സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നത് സംബന്ധിച്ച ചർച്ചകളും ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച വ്യാപാര ബന്ധം ഉണ്ടാകേണ്ട ആവശ്യകതയും ട്രമ്പ് എടുത്തു പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്ന പ്രഖ്യാപനവും ബ്രിക്‌സ് അംഗരാജ്യങ്ങൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നുള്ള പ്രസ്താവനയും ഇന്ത്യ അമേരിക്ക ബന്ധത്തിൽ കല്ലുകടിയാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും ഫോണിൽ സംസാരിക്കുന്നത്.
ഡൊണാൾഡ് ട്രമ്പ് അദ്ദേഹത്തിന്റെ ആദ്യ ടേമിൽ അവസാനം സന്ദർശിച്ച രാജ്യം ഇന്ത്യയായിരുന്നു. 2019 ൽ ഹ്യൂസ്റ്റണിലും 2020 ൽ അഹമ്മദാബാദിലും ട്രമ്പും നരേന്ദ്രമോദിയും റാലികൾ നടത്തിയിരുന്നു. 2024 ലെ വിജയത്തിന് ശേഷം ട്രമ്പുമായി ചർച്ച നടത്താൻ പോകുന്ന മൂന്ന് മുൻനിര നേതാക്കന്മാരിൽ ഒരാളാണ് മോദി.

