Sunday, June 2, 2024
spot_img

ആറ് ജില്ലകളില്‍ ഇന്ന് ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെയും ചൂട് ഉയര്‍ന്നേക്കാം.

ചൂടുണ്ടാകുമെങ്കിലും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്ന് വേനല്‍ മഴയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരിയ തോതില്‍ തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലയിലെയും ആലപ്പുഴയിലെയും ചില ഭാഗങ്ങള്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് തുടരുന്ന കൊടും ചൂടിന് അവസാനമാകുമെന്ന് നേരത്തേ കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചൂട് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ വെയില്‍ നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Latest Articles