Friday, May 3, 2024
spot_img

വ്രത വിശുദ്ധിയുടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകുന്നു, അയ്യന് തങ്കയങ്കി പ്രഭയിൽ ദീപാരാധന

സന്നിധാനം : ശബരിമലയിലെ 41 ദിവസം നീണ്ട മണ്ഡലകാലത്തിനു ഇന്ന് പരിസമാപ്തി. ശരണം വിളികളോടെ തങ്കയങ്കി ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശേഷം തങ്കയങ്കി ചാര്‍ത്തി അയ്യപ്പനുള്ള മഹാ ദീപാരാധനയും നടന്നു. ചൊവ്വാഴ്ചയാണ് ആറന്മുളയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കിയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതര്‍ സ്വീകരിച്ചത്. ഇന്ന് 11.40 നും 12.20 നും മധ്യേയുള്ള മിഥുനം രാശിയിലാണ് മണ്ഡലകാലത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ നടക്കുക.

ഇന്നലെ തങ്കയങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന തൊഴാനായി നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ദീപാരാധന നടന്നത്. ഇന്ന് നടക്കാനിരിക്കുന്ന മണ്ഡല പൂജയും കര്‍ശനമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തന്നെയാണ് നടക്കുക. വൈകിട്ട് 8.50 ന് ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഇനി 30 ന് വൈകിട്ടാണ് വീണ്ടും നട തുറക്കുക. ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം നടക്കുന്നത്.

Related Articles

Latest Articles