Saturday, June 1, 2024
spot_img

തലസ്ഥാനത്ത് മാല മോഷണം; യുവതിയുടെ പിന്നിലെത്തി 5 പവന്‍റെ സ്വർണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

തിരുവനന്തപുരം: യുവതിയുടെ കഴുത്തിൽ നിന്നും അഞ്ച് പവന്‍റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തെന്നൂർക്കോണം ഞാറവിളയിൽ ആണ് മാല പൊട്ടിച്ച് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. വിഴിഞ്ഞം കരയടി വിള പിറവിളാകം വീട്ടിൽ കൊഞ്ചൽ എന്നു വിളിക്കുന്ന ജിതിൻ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടിൽ ഇമാനുവേൽ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിത്തോട്ടം വീട്ടിൽ ഫെലിക്സൺ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വർക്കലയിലെ റിസോർട്ടിൽ നിന്നും പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ഞാറവിള എസ്.എസ്. ഭവനിൽ എസ്.എസ്. ഷിജുവിന്റെ ഭാര്യ വി. രാഖി (30)യുടെ മാലയാണ് വീടിന് സമീപം വച്ചുള്ള ഇടവഴിയിൽ വെച്ച് മോഷ്ടാക്കള്‍ പൊട്ടിച്ച് കടന്നത്. സ്കൂളിൽ നിന്ന് മകനെ വിളിക്കാൻ വീടിനു സമീപത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ പുറകിലൂടെ നടന്നെത്തിയ ജിതിനാണ് മാല പൊട്ടിച്ചത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു.

പരാതി ലഭിച്ചതോടെ വിഴിഞ്ഞം എസ്.ഐ. സമ്പത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ പിടിയിലാകുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട് സെർച്ച് ചെയ്ത പോലീസിന് നിരവധി സ്ഥലത്തുള്ളവരുടെ പേരും നമ്പരും എഴുതി സൂക്ഷിച്ച ചെറിയ തുണ്ട് പേപ്പർ കിട്ടി. ഇതിലെ നമ്പരുകളിൽ ബന്ധപ്പെട്ടപ്പോൾ പ്രതിയും മറ്റ് രണ്ടു പേരുമായി പച്ച നിറമുള്ള ഓട്ടോയിൽ കായംകുളത്ത് എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ വർക്കലയിൽ ഉള്ളതായി കണ്ടെത്തി.

വിഴിഞ്ഞം പോലീസ് ഇവിടെയെത്തി നടത്തിയ പരിശോധനയിലാണ് റിസോർട്ടിൽ നിന്നും പ്രതികൾ പിടിയിലായത്. പരിശോധനയിൽ പ്രതികളിൽ നിന്നും മാല കണ്ടെടുത്തു. മാലയിലെ ലോക്കറ്റ് പാരിപ്പള്ളിയിലെ ഒരു കടയിൽ വിറ്റതായി പ്രതി പറഞ്ഞു. പ്രതിയുമായി സ്ഥലത്തെത്തി ലോക്കറ്റ് കണ്ടെടുക്കുമെന്ന് എസ്.ഐ.കെ.എൽ സമ്പത്ത് പറഞ്ഞു.

Related Articles

Latest Articles