തിരുവനന്തപുരം: വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്കുമിടെ ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബിൽ ഇന്നു തന്നെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് അടുത്ത ആഴ്ച വകുപ്പ് തിരിച്ചുള്ള ചർച്ചയ്‌ക്ക് ശേഷം പാസാക്കാനാണ് സർക്കാർ നീക്കം. ഇന്ന് അവതരിപ്പിക്കുക അസാധുവായ ഓർഡിനൻസിലെ വ്യവസ്ഥകളുള്ള ബില്ലാണ്. ബില്ലിൽ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞു.
ലോകായുക്ത വിധിയിൽ തീരുമാനമെടുക്കുന്നതിൽ നിന്നും ഗവർണറെ ഒഴിവാക്കാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വ്യവസ്ഥ മാറ്റി. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്കെതിരായ വിധി സ്പീക്കർക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. സിപിഐ മുന്നോട്ട് വെച്ച് നിർദ്ദേശം സിപിഎം അംഗീകരിക്കുകയായിരുന്നു. ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷം സിപിഐ നിർദേശം സർക്കാർ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കും.
വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നാളെ ആകും സഭയിൽ അവതരിപ്പിക്കുക. ഗവർണർക്ക് അനാവശ്യ അധികാരം നൽകേണ്ടെന്ന നിലപാടാണ് സിപിഐക്കുള്ളത്. എന്നാൽ പ്രതിപക്ഷം ബില്ലിനെ എതിർക്കും. പുതിയ ബില്ല് നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാൽ മാത്രമാണ് നിയമമാകുക. എന്നാൽ സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന ഗവർണർ ബില്ല് ഒപ്പിടുമോ എന്നതാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

