Wednesday, May 15, 2024
spot_img

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-II ദൗത്യം; യാത്രക്ക് മുന്നോടിയായി പരിശീലനം നടത്തി നാല് ബഹിരാകാശ സഞ്ചാരികൾ

ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-II ദൗത്യത്തിന്റെ ഭാഗമാകാൻ നാല് ബഹിരാകാശ സഞ്ചാരികൾ തയാറെടുക്കുന്നു. റെയ്ഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, നാസയിൽ നിന്നുള്ള ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്പേസ് ഏജൻസി (സിഎസ്എ) യിലെ ജെറമി ഹാൻസെൻ എന്നിവർ യാത്രക്ക് മുന്നോടിയായി പരിശീലനത്തിലാണ്. എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ ബഹിരാകാശ പേടകത്തിലുമായി ചന്ദ്രനിലേക്കുള്ള നാസയുടെ ആദ്യ ക്രൂഡ് ദൗത്യമാണ് ആർട്ടെമിസ് II.

എസ്എൽഎസ്, ഓറിയോൺ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ നേടി ക്രൂ പരിശീലനത്തിന്റെ അടിസ്ഥാന ഘട്ടം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഏകദേശം പത്ത് ദിവസത്തോളമാണ് ഫ്‌ളൈറ്റ് ടെസ്റ്റ് നടന്നത്. ഓറിയോൺ ക്രൂ മൊഡ്യൂളുമായും സംഘം സുപരിചിതമായി കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങൾ മറികടക്കുന്നതിന് വേണ്ടിയുള്ള പരിശീലനം നൽകുകയാണ് നിലവിൽ ചെയ്യുന്നത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ വിക്ഷേപണ ദിന പ്രവർത്തനങ്ങൾക്ക് വേണ്ടി ക്രൂ ഡ്രൈ റണ്ണും നടത്തിയിരുന്നു.

ഈ വേളയിൽ സഞ്ചാരികൾ ബഹിരാകാശ വസ്ത്രങ്ങൾ ധരിക്കുകയും, വിക്ഷേപണ പാഡിൽ എത്തുകയും പേടകത്തിൽ പ്രവേശിക്കുകയും ചെയ്തു. ഈ മാസം അവസാനത്തോടെ ജോൺസണിലെ ഓറിയോൺ മിഷൻ സിമുലേറ്ററിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് വേണ്ടിയുള്ള പരിശീലനും ക്രൂ അംഗങ്ങൾ ആരംഭിക്കും. ഭൂമിയിലെയും ചന്ദ്രനിലെയും വിവിധ പ്രവർത്തനങ്ങൾ ശേഖരിക്കുന്നതിന് ഓറിയോണിനുള്ള ക്യാമറകൾ എങ്ങനെ ഉപയോഗിക്കാമെന്നും സംഘം പഠിക്കും. ചന്ദ്രനിൽ ദീർഘകാല സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും ചൊവ്വയിലെ മനുഷ്യ പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നതിനുള്ള നാസയുടെ പദ്ധതികളാണ് ആർട്ടിമെസ് ദൗത്യങ്ങൾ.

Related Articles

Latest Articles