നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന്റെ മന്നത്ത് ബംഗ്ലാവില്‍ കയറാന്‍ ഇയാൾ ശ്രമം നടത്തിയെങ്കിലും കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ ഈ ശ്രമം പരാജയപ്പെട്ടു. അതേസമയം സെയ്ഫിനെ അക്രമിച്ച കേസില്‍ അക്രമി എന്ന് സംശയിക്കുന്ന ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇതിനിടെയാണ് അക്രമി ഷാരൂഖിനേയും ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജൂലായ് 14ന് വീട്ടില്‍ കയറാനായിരുന്നു ഇയാളുടെ ശ്രമം. ഷാരൂഖിന്റെ വീടിന്റെ അടുത്ത് ഒരാള്‍ കൈയില്‍ 6-8 അടി നീളമുള്ള ഇരുമ്പ് ഏണിയുമായി ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്നാണ് വിവരം. ഇതും സെയ്ഫ് അലി ഖാനെ അക്രമിച്ച പ്രതിയും ഒരാളെന്നാണ് വിവരം .
അതേസമയം പരിക്കേറ്റ സെയ്ഫ് അപകടനില തരണം ചെയ്തതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. മുംബൈ ലീലാവതി ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിലെ നടന്റെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തിയുടെ ലോഹഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

