Monday, December 29, 2025

ബാങ്ക് കെട്ടിടത്തിന് തീ പിടിച്ച് ഒറിജിനൽ ആധാരം ഉപയോഗശൂന്യമായി! നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: ബാങ്ക് കെട്ടിടത്തിന് തീ പിടിച്ച് ഒറിജിനൽ ആധാരം ഉപയോഗശൂന്യമായതിനെ തുടർന്ന് ബാങ്ക്
നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.ഒതുക്കുങ്ങൽ സ്വദേശി സാബിറ ബോധിപ്പിച്ച ഹർജിയിലാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകുന്നതിന് ഐ.ഡി.ബി.ഐ. കോട്ടക്കൽ ബ്രാഞ്ചിനെതിരെ ഉപഭോക്തൃ കമ്മീഷൻ വിധി പറഞ്ഞത്.

പരാതിക്കാരി ബാങ്കിൽനിന്നും 13,75,000 രൂപ കടമെടുക്കുകയും യഥാ സമയം തിരിച്ചടക്കുകയും ചെയ്തു. എന്നാൽ പണയപ്പെടുത്തിയ ആധാരം യഥാ സമയം തിരിച്ചു നൽകിയില്ല.ബാങ്കിൽ വരുന്ന ആധാരം ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളെല്ലാം മുംബെയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ഹോൾ ഡിങ് സ്ഥാപനത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടുത്തം കാരണമാണ് രേഖ നൽകാനാവാത്തതെന്നുമാണ് ബാങ്ക് അറിയിച്ചത്.

തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ആധാരം ഉപയോഗശൂന്യമായത്. തീപിടുത്തം പ്രകൃതി ദുരന്തമായതിനാൽ എതിർ കക്ഷിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നുമാണ് ബാങ്ക് ഉപഭോക്തൃ കമ്മീഷൻ മുമ്പാകെ വാദിച്ചത്. എന്നാൽ ഭൂകമ്പം, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നതുപോലെ കെട്ടിടത്തിനകത്തുണ്ടാകുന്ന തീപിടുത്തത്തെ പ്രകൃതിദുരന്തമായി കണക്കാക്കാനാവില്ലെന്നും, രേഖകൾ സൂക്ഷിക്കാനും യഥാവിധി തിരിച്ചേൽപ്പിക്കാനുമുള്ള ബാധ്യത ബാങ്കിനുണ്ടെന്നും കണ്ടെത്തിയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.

രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. നഷ്ടപരിഹാരത്തിനു പുറമെ സാക്ഷ്യപ്പെടുത്തിയ ആധാരത്തിന്റെ കോപ്പിയും ബാങ്കിന്റെ ഉത്തരവാദിത്വത്തിൽ ഹർജിക്കാരിക്ക് നൽകണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിധി തിയ്യതി മുതൽ 9% പലിശയും വിധിസംഖ്യയിന്മേൽ ബാങ്ക് നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു.

Related Articles

Latest Articles