കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാട്ടർ അഥോറിറ്റിയിൽ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകൻ ശ്രീരാഗ് (18 )ആണ് മരിച്ചത്.
ഡിഗ്രിക്ക് അഡ്മിഷൻ എടുക്കാൻ പോകവെയായിരുന്നു അപകടം. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റിന് കുറുകെ തെരുവ് നായ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീരാഗ് ഇന്ന് രാവിലെ കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്.

