Saturday, May 4, 2024
spot_img

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ ആര്‍എസ്എസിനെ അടയാളപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പ്രചാരകന്‍! 95-ാം നിറവിൽ സംഘപ്രവർത്തകരുടെ ‘എം.എ.സാര്‍’

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ ആര്‍എസ്എസിനെ അടയാളപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പ്രചാരകന്‍, എം.എ.സാര്‍ എന്നറിയപ്പെടുന്ന എം.എ.കൃഷ്ണന്റെ 95-ാം ജന്മദിനം.
ബാലമനസുകളെ ഭാരതീയത്തനിമയില്‍നിന്ന് അടര്‍ത്തിയെടുത്ത് സാംസ്‌കാരികമായും മതപരമായും അന്യവല്‍ക്കരിക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ ദശകങ്ങളായി കേരളത്തിലുടനീളം നടന്നുവന്നിരുന്നു. അതിനെതിരെ ബാലഗോകുലം എന്ന പ്രസ്ഥാനത്തിലൂടെ പ്രതിരോധം സൃഷ്ടിച്ച വ്യക്തിയാണ് എം എ സാര്‍.

ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കാനും സമ്പുഷ്ടമാക്കാനും പ്രതിജ്ഞാബദ്ധതയുള്ള സാംസ്‌കാരിക സംഘടന ‘തപസ്യ’യുടെ പ്രേരണയും എം.എ സാര്‍ ആണ്. തപസ്യയും ബാലഗോകുലവും കൂടാതെ അനവധി വേദികള്‍ക്ക് എംഎ സാര്‍ രൂപവും ഭാവവും നൽകി.

കൊല്ലം ഐവര്‍കാല ഗ്രാമത്തില്‍ ജനിച്ച എം.എ. കൃഷ്ണന്‍, തിരുവനന്തപുരം സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യയും പാസായശേഷം കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. ഒരു വര്‍ഷത്തിനുശേഷം രാജിവെച്ച് 1954 ല്‍ പ്രചാരകനായി. 1947 ല്‍ തന്നെ സംഘശാഖയില്‍ ചേരാനും ആഗമാനന്ദജിയില്‍നിന്നും സ്വാമി വിവേകാനന്ദ സന്ദേശങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതുകൊണ്ട് രാഷ്ട്രസേവനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും അനുഗ്രഹം ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ സംഘപ്രവര്‍ത്തനത്തിനവസരം ലഭിച്ചു. 1964 ല്‍ കേസരി പത്രാധിപരായി കോഴിക്കോട്ടെത്തി. കേസരിവാരികയുടെ പത്രാധിപസ്ഥാനത്തിരുന്നും വേറിട്ടപ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ എം.എ.സാറിനായി. അറുപതുവര്‍ഷത്തിലേറെയായുള്ള പ്രചാരക ജീവിതം കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രമാണ്.

അതേസമയം, ബാലഗോകുലം പ്രവര്‍ത്തനവര്‍ഷത്തിന്റെ സുവര്‍ണ്ണജയന്തി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ തുടക്കമായി പൂര്‍വകാല പ്രവര്‍ത്തകരുടെ കുടുംബസംഗമം ‘സാന്ദ്രസംഗമം’ എന്ന പേരില്‍ നടന്നുവരുന്നു. അതിന്റെ തുടര്‍ച്ചയായി എം എ സാറിന്റെ ജന്മദിനത്തില്‍ എറണാകുളം ഭാസ്‌ക്കരീയത്തില്‍ പൂര്‍വകാലപ്രവര്‍ത്തകരും നിലവിലെ ചുമതലക്കാരും ഒന്നിച്ചു ചേരും.

Related Articles

Latest Articles