Monday, April 29, 2024
spot_img

യുക്രൈയ്നിൽ നിന്ന് തിരികെയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്രസർക്കാർ

യുക്രൈയ്ൻ – റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പരീക്ഷയെഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. എംബിബിഎസ് പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിവ പാസാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമ അവസരമൊരുക്കുമെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്.

അതെ സമയം ഇന്ത്യന്‍ എംബിബിഎസ് പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കിയാകും തിയറി പരീക്ഷകൾ നടത്തുക. തെരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിൽ വച്ചാകും പ്രാക്ടിക്കല്‍ പരീക്ഷകൾ നടത്തുക. തിയറി,പ്രാക്ടിക്കൽ പരീക്ഷകൾ പാസായ വിദ്യാർത്ഥികൾ രണ്ട് വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ആദ്യ വര്‍ഷം സൗജന്യമായിരിക്കും.എന്നാൽ രണ്ടാം വര്‍ഷം നാഷണൽ മെഡിക്കല്‍ കമ്മീഷൻ തീരുമാനിച്ച പ്രകാരമുള്ള തുക ഫീസായി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ഇത് ഒറ്റത്തവണത്തേക്ക് മാത്രമുള്ള തീരുമാനമാണെന്നും നിലവിലുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട് .

2022 ൽ യുദ്ധത്തെ തുടർന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ‘ഓപ്പറേഷന്‍ ഗംഗ’ വഴി 18000 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തേക്ക് തിരികെ എത്തിച്ചത്.

Related Articles

Latest Articles