Sunday, May 19, 2024
spot_img

വനിതാ നേതാവിന്റെ പരാതി; എന്‍.വി. വൈശാഖനെതിരെ സിപിഎം കൂടുതല്‍ നടപടികളിലേക്ക്; തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി

തൃശ്ശൂർ: വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ സിപിഎം കൂടുതല്‍ നടപടികളിലേക്ക്. വൈശാഖനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും സിപിഎം നീക്കം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വൈശാഖനെ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. ഇതോടെ ജില്ലാ സെക്രട്ടറി സ്ഥാനവും ഏരിയ കമ്മിറ്റി അംഗത്വവും നഷ്ടമായി.

വൈശാഖനെതിരെ ഉയര്‍ന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുമെന്നും സൂചനയുണ്ട. തൃശ്ശൂർ ജില്ലയിലെ തന്നെ ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള വനിതാ നേതാവാണ് വൈശാഖനെതിരെ പരാതി നല്‍കിയിട്ടുള്ളത്. അതേസമയം, പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന നിലപാടാണ് വൈശാഖനെ അനുകൂലിക്കുന്നവര്‍ക്കുള്ളത്. ജില്ലയിലെ തന്നെ ഒരു എംഎല്‍എ വൈശാഖിനെതിരെ പരാതി നല്‍കുന്നതിന് വനിതാ നേതാവിനെ പ്രേരിപ്പിച്ചുവെന്ന് ചിലര്‍ പറയുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം വൈശാഖനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ച് കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടി കടുത്ത നിലപാടിലേക്ക് നീങ്ങിയത്. സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ചുവെന്നും ഇതുമൂലം പാര്‍ട്ടിക്ക് അവമതിപ്പുണ്ടായെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ വനിതാ നേതാവ് നല്‍കിയ പരാതി പാര്‍ട്ടി നേതൃത്വം ഇടപെട്ട് മരവിപ്പിച്ചുവെന്ന ആക്ഷേപവും പാര്‍ട്ടിക്കുള്ളില്‍ വിവാദമാവുകയാണ്. വനിതാ നേതാവിന്റെ പരാതി മരവിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഒരു നേതാവ് വടക്കാഞ്ചേരി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വിവാദമാണ് പാര്‍ട്ടിയില്‍ പുകയുന്നത്. വൈശാഖനെതിരായ പരാതിക്ക് പിന്നിലും പരാതി മരവിപ്പിച്ച നടപടിക്ക് പിന്നിലും മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനും ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതേ ചൊല്ലിയുള്ള വിഭാഗീയതയും ചേരിപ്പോരും കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Related Articles

Latest Articles