തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ വൻ സംഘർഷം സിപിഎമ്മിന്റെ രാഷ്ട്രീയ നിരാശയിൽ നിന്നും ഉടലെടുത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കോർപ്പറേഷനിലെ വിവിധ അഴിമതികൾ ഓരോന്നായി പുറത്തുവരുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം മനഃപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത്. കോർപ്പറേഷനിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കൃത്യമായ ഒത്തുകളിയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് കോർപ്പറേഷൻ ഓഫീസിനുള്ളിൽ കണ്ടതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട കൗൺസിൽ യോഗം വരും തിങ്കളാഴ്ച ചേരാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കൗൺസിൽ യോഗം നീട്ടിവെക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി തിങ്കളാഴ്ച യോഗം വിളിക്കാൻ കോർപ്പറേഷൻ അധികൃതർ തയ്യാറായത്. കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോർപ്പറേഷനിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധവും തുടർന്നുള്ള സംഘർഷവും.

