Tuesday, May 14, 2024
spot_img

തണുത്ത് വിറച്ച് രാജ്യതലസ്ഥാനം ! ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി; ദില്ലി /എന്‍സിആര്‍ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

ദില്ലിയിൽ ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 3.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് ദില്ലി /എന്‍സിആര്‍. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദില്ലിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.9 ഡിഗ്രി സെല്‍ഷ്യസാണ്. ദില്ലിക്ക് പുറമെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ റെഡ് അലര്‍ട്ടും രാജസ്ഥാനിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ ദില്ലിയിലേക്കുള്ള 18 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെയാണ് ഓരോ ട്രെയിനും വൈകിയോടുന്നത്. മൂടല്‍മഞ്ഞ് കാരണം ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള പല വിമാന സര്‍വ്വീസുകളും വൈകുന്നുണ്ട്. വായു നിലവാരസൂചികയിലും ദില്ലി മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള വിവരം പ്രകാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് ദില്ലിയിലെ വായുനിലവാരം 365 ആണ്. വായുനിലവാരം 50 ആകുന്നതാണ് നല്ലത് എന്ന് കണക്കാക്കുന്നത്. 51 മുതല്‍ 100 വരെ തൃപ്തികരം, 101 മുതല്‍ 200 വരെ മിതമായത്, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ അപകടകരം എന്നിങ്ങനെയാണ് വായുനിലവാരസൂചികയുടെ നിലവാരം.

Related Articles

Latest Articles