ചെന്നൈ : തമിഴ്നാടിനെ നടുക്കിയ സാത്താൻകുളം കസ്റ്റഡി കൊലപാതകക്കേസിൽ ഒമ്പത് പോലീസുകാർക്കും വധശിക്ഷ വിധിച്ച് മധുര കോടതി. ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കോടതി വിധി പ്രസ്താവിച്ചത്. 2020 ജൂണിൽ പി ജയരാജും മകൻ ബെനിക്സും പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് ‘അപൂർവ്വങ്ങളിൽ അപൂർവ്വം’ എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ കടുത്ത നടപടി. അധികാര ദുർവിനിയോഗം നടത്തി സേവനത്തിന് കളങ്കമുണ്ടാക്കുന്നവർക്കുള്ള താക്കീതാണ് ഈ വിധിയെന്ന് കോടതി വ്യക്തമാക്കി.
കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് മൊബൈൽ ഷോപ്പ് ഉടമയായ ബെനിക്സിനെയും പിതാവ് ജയരാജിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് ഇരുവരെയും നഗ്നരാക്കി മണിക്കൂറുകളോളം അതിക്രൂരമായി മർദ്ദിച്ചതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലാത്തികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ഇരുവരുടെയും ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു. ചോരയിൽ കുതിർന്ന വസ്ത്രങ്ങൾ പലതവണ മാറ്റേണ്ടി വന്നുവെന്ന സാക്ഷിമൊഴികളും സ്റ്റേഷനിലെ രക്തക്കറകളെക്കുറിച്ചുള്ള വനിതാ കോൺസ്റ്റബിളിന്റെ വെളിപ്പെടുത്തലും കേസിലെ നിർണ്ണായക തെളിവുകളായി.
കസ്റ്റഡിയിലെടുത്ത് നാലാം ദിവസം കോവിൽപട്ടി സർക്കാർ ആശുപത്രിയിൽ വെച്ചാണ് അച്ഛനും മകനും മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലുടനീളം വ്യാപകമായ പ്രതിഷേധം അലയടിക്കുകയും സാത്താൻകുളത്തെ വ്യാപാരികൾ കടകളടച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ ജോർജ്ജ് ഫ്ലോയിഡ് വധത്തിന് സമാനമായ കസ്റ്റഡി ക്രൂരതയാണിതെന്ന തരത്തിൽ അന്താരാഷ്ട്ര തലത്തിൽ പോലും ഈ വിഷയം ചർച്ചയായിരുന്നു. മദ്രാസ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടതിനെത്തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.
ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വീഴ്ചയും റിമാൻഡ് നടപടികളിലെ പിഴവുകളും ഈ കേസിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരുവരുടെയും ശാരീരികാവസ്ഥ പരിശോധിക്കാതെ റിമാൻഡ് ഉത്തരവ് നൽകിയ മജിസ്ട്രേറ്റിന്റെ നടപടിയെയും കോടതി വിമർശിച്ചു. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചിരിക്കുകയാണ്. തമിഴ്നാട് പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സേവനത്തെ മാനിക്കുന്നതോടൊപ്പം, ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ വധശിക്ഷ അനിവാര്യമാണെന്ന് കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു.

