Saturday, May 18, 2024
spot_img

ചന്ദ്രനിൽ വെന്നിക്കൊടി പായിച്ചു !ഇനി വരാനിരിക്കുന്നത് നിർണ്ണായക ദൗത്യങ്ങൾ ; സൂര്യനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും ഐഎസ്ആർഒ പേടകം അയക്കും! പ്രതീക്ഷയോടെ ശാസ്ത്രലോകം

ബെംഗളൂരു : ഇത് വരെ മുഴുവൻ മനുഷ്യകുലത്തിനും അപ്രാപ്യമായിരുന്ന, വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം സുരക്ഷിതമായി സേഫ് ലാൻഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചതോടെ ഭാരതത്തിന്റെ അടുത്ത ദൗത്യങ്ങളെക്കുറിച്ചുള്ള ചർ‌ച്ചകൾക്ക് പിന്നാലെയാണ് ശാസ്ത്രലോകം. സൂര്യനിലേക്കുള്ള ചരിത്ര ദൗത്യത്തിലേക്കാണ് ഐഎസ്ആർഒ ഇനി ഒരുങ്ങുന്നത്.

ഐഎസ്ആർഒയുടെ അടുത്ത ദൗത്യം സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നതിനിടെ ആദിത്യ എൽ വൺ ദൗത്യവുമായി ഇന്ത്യ സൂര്യനിലേക്ക് കുത്തിക്കുമെന്ന് ഐഎസ്ആർഒ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ചന്ദ്രനിലെ ചരിത്ര നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രിയും ഐഎസ്ആർഒ ചെയർമാനും സൗരദൗത്യത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തി. ഇന്ത്യയുടെ മുൻദൗത്യങ്ങളിലൂടെ ശാസ്ത്ര ലോകത്തിന് ലഭിച്ച വിലമതിക്കാനാകാത്ത അറിവുകൾ വരാനിരിക്കുന്ന ദൗത്യങ്ങളെ പ്രതീക്ഷയോടെ നോക്കി കാണാൻ ബഹിരാകാശ ​ഗവേഷകരെ പ്രേരിപ്പിക്കുന്നു. മം​ഗൾയാനും ചന്ദ്രയാൻ ഒന്നുമൊക്കെ ലോകത്തിന് നൽകിയ സംഭാവനകൾ അത്രമേൽ വലുതാണ്. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാൻ ശാസ്ത്ര​രം​ഗത്തിന് വൻ കുതിച്ചുചാട്ടം നൽകിയിരുന്നു.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എൽ വൺ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പേടകം ബെം​ഗളൂരു യുആർ റാവു സാറ്റലൈറ്റ് സെന്റ്റിൽ വിക്ഷേപണത്തിന് തയ്യാറായിരിക്കുകയാണ്. ഉടൻ തന്നെ ആദിത്യ എൽ വൺ വിക്ഷേപണത്തറയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. പിഎസ്എൽവി റോക്കറ്റാണ് പേടകത്തെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാൻ ദൗത്യം സഹായിക്കും. സൂര്യന്റെ ബാഹ്യവലയത്തെ കുറിച്ച് പഠിക്കുന്ന വിസിബിൾ ലൈൻ എമിഷൻ കൊറോണോ​ഗ്രാഫ് ആണ് പ്രധാന പേലോഡ്.

നിലവിൽ സൂര്യനെക്കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ഏക പേടകം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ്. 2018 ആ​ഗസ്റ്റ് 12 നായിരുന്നു പാർക്കർ സോളാർ പ്രോബ് എന്ന ആ ദൗത്യത്തിൻ്റെ വിക്ഷേപണം. സൂര്യന്റെ മധ്യഭാ​ഗത്ത് നിന്ന് 9.86 സോളാർ റേഡിയസിലാണ് പേടകം സ്ഥാനമുറപ്പിക്കുക. ഇനിയും രണ്ട് വർഷങ്ങൾക്ക് ശേഷം 2025 ൽ മാത്രമേ പേടകം ലക്ഷ്യ സ്ഥാനത്തേക്ക് എത്തൂ. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേ​ഗതയിലാണ് പേടകം സഞ്ചരിക്കുന്നത്.

സൗരദൗത്യത്തിന് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ​ഗ​ഗൻയാൻ ദൗത്യത്തിനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഇതിനായി നാലു ബഹിരാകാശ ​ഗവേഷകരെയും ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കുള്ള പരിശീലനമടക്കം നിർണ്ണായക ഘട്ടത്തിലാണ്. ഭൂമിയിൽ നിന്ന് 4000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഏഴു ദിവസത്തോളം താമസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യംമിടുന്നത്. ആളില്ലാത്ത പേടകത്തെ വെച്ച് പരീക്ഷണം നടത്തിയ ശേഷമാകും മനുഷ്യരെ അയക്കുക.

ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യമായ മം​ഗൾയാൻ രണ്ടിനും ഇന്ത്യ തയ്യാറാവുന്നുണ്ട്. ഇന്നലെ ചന്ദ്രനിൽ നടത്തിയതിന് സമാനമായി ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയുള്ള പരീക്ഷണമാകും ഇന്ത്യ നടത്തുക .പത്ത് വർഷം മുൻപ് ചൊവ്വയിലേക്ക് മം​ഗൾയാൻ ഒന്ന് അയച്ച് ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. മാർസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളുൾപ്പെടെ വിവിധ പഠനങ്ങൾക്ക് ദൗത്യം സഹായിച്ചിരുന്നു.

ശുക്രനിലേക്കും ഇന്ത്യ ദൗത്യത്തിനൊരുങ്ങുന്നുണ്ട്. വലിപ്പം കൊണ്ട് ആറാം സ്ഥാനത്തുള്ള ശുക്രനിലേക്ക് ജിഎസ്എൽവി മാർക്ക് രണ്ട് റോക്കറ്റ് ഉപയോ​ഗിച്ചായിരിക്കും ദൗത്യം നടത്തുക. ശുക്രന് 500 മീറ്റർ അടുത്തേക്ക് വരെ പേടകമെത്തിക്കാനാണ് നീക്കം. ശുക്രനിലേക്കുള്ള ദൗത്യം വിക്ഷേപിക്കാൻ 19 മാസത്തിൽ ഒരിക്കൽ മാത്രമാണ് അനുകൂല സാഹചര്യം വന്നു ചേരൂ എന്ന പ്രത്യേകത കൂടിയുണ്ട്.

Related Articles

Latest Articles