ഫ്രാൻസ്- കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് 1994ൽ ലക്ഷക്കണക്കിന് പേരെ വംശഹത്യയിലേക്ക് നയിച്ച സംഭവത്തിൽ പങ്കാളിയെന്ന് കണ്ടെത്തിയ റുവാണ്ടയിലെ ഒരു മുൻ ഡോക്ടറെ ഫ്രഞ്ച് കോടതി 24 വർഷത്തേക്ക് ജയിലിലടക്കാൻ വിധിച്ചു. വംശഹത്യയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്ന കണ്ടെത്തിയ സോസ്തെൻ മുൻയെമന എന്ന ഡോക്ടറെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
1994 ഏപ്രിലിനും ജൂണിനുമിടയിൽ 800,000 പേർ കൊല്ലപ്പെട്ട വംശഹത്യയിൽ പീഡനങ്ങളും കൊലപാതകങ്ങളിൽ പങ്കാളിയായെന്നാണ് ഡോക്ടർക്കെതിരെയുള്ള കുറ്റം. അതേസമയം, ഫ്രഞ്ച് പ്രോസിക്യൂട്ടർമാർക്ക് 28 വർഷമെടുത്തു കേസ് വിചാരണയ്ക്ക് കൊണ്ടുവരാൻ. 1994-ൽ, തെക്കൻ റുവാണ്ടയിലെ ബ്യൂട്ടാറിലെ ഒരു ഗൈനക്കോളജിസ്റ്റായിരുന്നു മുനിമേന. ആളുകളെ വളയാൻ റോഡ് ബ്ലോക്കുകൾ സ്ഥാപിക്കാൻ സഹായിച്ചതിനും കൊല്ലപ്പെടുന്നതിന് മുമ്പ് അവരെ പ്രാദേശിക സർക്കാർ ഓഫീസുകളിൽ മനുഷ്യത്വരഹിതമായ അവസ്ഥയിൽ പാർപ്പിച്ചെന്നും കണ്ടെത്തി.
ടുട്‌സികളുടെ കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുകയും അത് വ്യാപകമായി വിതരണം ചെയ്ത ഒരു കത്ത് തയ്യാറാക്കിയതും ഈ ഡോക്ടറാണ്. വംശഹത്യയിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ന്യൂനപക്ഷമായ ടുട്സി വംശീയ വിഭാഗത്തിൽ നിന്നുള്ളവരും തീവ്ര ഹുട്ടു സർക്കാരിൻ്റെ എതിരാളികളുമാണ്.
വിചാരണ വേളയിൽ, 1994-ൽ ഫ്രാൻസിലേക്ക് പലായനം ചെയ്ത മുനിയേമന തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. താനൊരു മിതവാദിയായ ഹുട്ടുവാണെന്നും, ടുട്സികൾക്ക് പ്രാദേശിക സർക്കാർ ഓഫീസുകളിൽ അഭയം നൽകി അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം വാദിച്ചു. പാരീസിൽ നടന്ന ആറാഴ്ചത്തെ വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ 30 വർഷത്തെ ജയിൽ ശിക്ഷ ആവശ്യപ്പെട്ടിരുന്നു.
1994 സെപ്തംബറിൽ ഫ്രാൻസിലെത്തിയ ശേഷം അവിടെ ഭാര്യയോടൊപ്പം താമസിച്ച് ഡോക്ടറായി തൊഴിൽ ചെയ്തുവരികയായിരുന്നു. കൊലപാതകങ്ങളുടെ കൊടുമുടിയിൽ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ജീൻ കമ്പണ്ടയുടെ അടുത്ത അനുയായിയായിരുന്നു മുൻയെമന. വംശഹത്യയിൽ പങ്കുവഹിച്ചതിന് ഐക്യരാഷ്ട്രസഭയുടെ യുദ്ധക്കുറ്റ വിചാരണ ചുമത്തിയ കമ്പണ്ട നിലവിൽ മാലിയിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
വംശഹത്യക്ക് വഴിവച്ച സംഭവം
1994ൽ ഏപ്രിൽ 6 ന് റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലെ വിമാനത്താവളത്തിന് മുകളിൽ വിമാനം വെടിവെച്ച് വീഴ്ത്തിയപ്പോൾ റുവാണ്ടൻ പ്രസിഡൻ്റ് ജുവനൽ ഹബ്യാരിമാന കൊല്ലപ്പെട്ടു. ഇതാണ് വംശഹത്യയ്ക്ക് വഴിവച്ചത്. ഹബ്യാരിമാന റുവാണ്ടയിലെ ഹുട്ടു വംശീയ ഭൂരിപക്ഷത്തിൽ നിന്നുള്ളയാളാണ്, ആരാണ് പ്രസിഡൻ്റിനെ കൊന്നതെന്ന് കൃത്യമായി സ്ഥാപിക്കാൻ ഇതേവരെ കഴിഞ്ഞില്ലെങ്കിലും, കിഗാലിയിലെ പ്രസിഡൻഷ്യൽ ഗാർഡ് ഉടൻ തന്നെ പ്രതികാര പ്രചാരണം ആരംഭിച്ചു.
രാഷ്ട്രീയ പ്രതിപക്ഷ നേതാക്കൾ കൊല്ലപ്പെട്ടു, ഉടൻ തന്നെ ടുട്സികളുടെയും മിതവാദികളായ ഹുട്ടൂകളുടെയും വംശഹത്യ ആരംഭിച്ചു. 100 ദിവസത്തിനുള്ളിൽ 800,000 ആളുകളെ കൊന്നൊടുക്കിയ കശാപ്പ് തരംഗം നടത്താൻ രാജ്യമെമ്പാടും റിക്രൂട്ട്‌മെൻ്റിനെ അയച്ചെന്നും പിന്നീട് തെളിഞ്ഞു.

