Thursday, November 12, 2026

പോര് മുറുകുന്നു !കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ തിരിച്ചയച്ച് വി സി ;ഫയൽ നൽകരുതെന്ന് നിർദേശം; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി

തിരുവനന്തപുരം : കേരള സർവകലാശാലയിൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ തിരിച്ചയച്ച് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഇതിനോടൊപ്പം കെ.എസ്. അനിൽ കുമാറിന് ഫയൽ നൽകരുതെന്ന് നിർദേശം നൽകിയ വി സി ഡോ. മിനി കാപ്പൻ അയച്ച 25 ഫയലുകൾ ഒപ്പിടുകയും ചെയ്തു.

വി.സി – രജിസ്ട്രാർ പോര് കനക്കുന്നതോടെ കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തിൽ ബിജെപിയുടെ സിൻഡിക്കേറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്. മറുവശത്ത് വി.സിയുടെ നിലപാടുകൾ കാരണം ഭരണപ്രതിസന്ധിയുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് കത്തയച്ചു.

സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഗവർണറോട് അനാദരവ് കാണിച്ചെന്നതടക്കുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തത്. സീനിയർ ജോ. രജിസ്ട്രാർ പി. ഹരികുമാറിനാണ് ചുമതല നൽകിയിരുന്നത്.
പിന്നീട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്തേയ്ക്ക് പോകുകയും ഡോ. സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകുകയും ചെയ്തു. തുടർന്ന് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ചേർന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. എന്നാൽ, സിൻഡിക്കേറ്റിന്റെ നടപടി വി.സിയുടെ ചുമതലയിലുണ്ടായിരുന്ന സിസ തോമസ് അംഗീകരിച്ചിരുന്നില്ല. വി.സി. സസ്പെൻഡ് ചെയ്ത രജിസ്ട്രാർക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

വി.സിയുടെ അനുമതി കൂടാതെ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാല ചട്ടപ്രകാരമുള്ള മേൽനടപടിക്ക് വിധേയനാകുമെന്നും ഡോ. സിസാ തോമസ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ നോട്ടീസ് മറികടന്ന് കെഎസ് അനിൽ കുമാർ സർവകലാശാലയിൽ എത്തിയിരുന്നു.

Related Articles

Latest Articles