Wednesday, May 22, 2024
spot_img

ധൂർത്ത് എന്ന് പറഞ്ഞാൽ ധൂർത്ത് പോലും നാണിച്ച് തല താഴ്ത്തും !നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ ചേർന്നു ! പാഴ് ചിലവ് തലശ്ശേരിയിലും കണ്ണൂരിലുമുള്ള സർക്കാർ റസ്റ്റ് ഹൗസിനെയും ആധുനിക ഓഫിസ് കെട്ടിടങ്ങളെയും അവഗണിച്ച്

കണ്ണൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭുമുഖീകരിച്ചു കൊണ്ടിരിക്കെ നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിലാണ് ചേർന്നതിൽ കടുത്ത വിമർശനമുയരുന്നു. തലശ്ശേരിയിലും, കണ്ണൂരിലും സർക്കാർ റസ്റ്റ് ഹൗസും ആധുനിക ഓഫിസ് കെട്ടിടങ്ങളും നിലവിലുണ്ട് എന്നിരിക്കെയാണ് അവയെ എല്ലാം അവഗണിച്ച് സ്വകാര്യ ഹോട്ടലിൽ മന്ത്രി സഭാ യോഗം ചേർന്നത്. തലശ്ശേരി കൊടുവള്ളിയിൽ ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലായ പേൾവ്യൂ റെസിഡൻസിയിലായിരുന്നു ഇന്ന് രാവിലെ ഒൻപത് മണിയോടെ മന്ത്രിസഭ യോഗം ചേർന്നത്.

നവകേരള സദസിന്റെ ഭാഗമായി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നത് വേഗത്തിലാക്കുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും ബ്രഹ്‌മഗിരിയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയ രക്ഷാപ്രവർത്തകരെ അഭിനന്ദിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

ഇതിനിടെ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ മന്ത്രി സഭ യോഗം സ്വകാര്യ ഹോട്ടലിൽ ചേർന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കണ്ണൂർ ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. നവകേരള സദസ് യാത്രയ്ക്ക് മന്ത്രിമാർക്ക് സഞ്ചരിക്കാൻ ഒരു കോടി രൂപ മുടക്കി പുതിയ ബസ് എത്തിച്ചതിന്റെ വിവാദം അവസാനിക്കുന്നതിന് മുമ്പാണ് സ്വകാര്യ ഹോട്ടൽ വിവാദം കൂടി തല പൊക്കിയിരിക്കുന്നത്.

തുടർച്ചയായി അഞ്ചാഴ്ച, അഞ്ച് ജില്ലകളിലായി, ഇത്തരത്തിൽ യോഗങ്ങൾ ചേരും. തലശ്ശേരി (നവംബർ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബർ 28), തൃശൂർ (ഡിസംബർ 6), പീരുമേട് (ഡിസംബർ 12), കൊല്ലം (ഡിസംബർ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം. തിരുവനന്തപുരത്തിന് പുറത്ത് തുടർച്ചയായി അഞ്ച് മന്ത്രിസഭാ യോഗങ്ങൾ നടക്കുന്നത് ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത്, സംസ്ഥാന മന്ത്രിസഭ ഓൺലൈനായി നടന്നിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷവും സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ ഈ രീതി തുടർന്നു.

Related Articles

Latest Articles