Wednesday, December 24, 2025

ബിനു വധത്തിന്‌ കാരണം സഭയിലെ തര്‍ക്കം; വധശ്രമത്തിന് പദ്ധതിയിട്ടവരിൽ സഭയിലെ പാതിരിമാരും, വന്‍വ്യവസായികളും, ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും; കേരളത്തില്‍ സി.ബി.ഐ അന്വേഷിച്ച ആദ്യ വധശ്രമക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിച്ച ആദ്യ വധശ്രമക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു. കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ അപൂര്‍വമായിട്ടായിരുന്നു ഒരു വധശ്രമക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക്‌ വിട്ടത്‌. ക്‌നാനായ യാക്കോബായ സമുദായ മാനേജിങ്‌ കമ്മറ്റിയംഗവും ക്‌നാനായ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റുമായിരുന്ന തിരുവല്ല വെസ്‌റ്റ്‌ ഓതറ കല്ലേമണ്ണില്‍ ബിനു കുരുവിള(42)യെ ക്വട്ടേഷന്‍ സംഘം (Binu Murder Case) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസാണ്‌ സി.ബി.ഐ അന്വേഷിച്ചത്‌.

കേസിൽ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഡിസംബര്‍ 27 ന്‌ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ നാലു പ്രതികളാണുള്ളത്‌. ഈ കേസില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്‌. കെ.സി. ബിബിന്‍, സുബിന്‍, സുധീഷ്‌ കൃഷ്‌ണന്‍, ടിജോ ചാക്കോ സ്രാമ്പിയില്‍ എന്നിവരാണ്‌ പ്രാഥമിക കുറ്റപത്രത്തിലെ ഒന്നു മുതല്‍ നാലു വരെ പ്രതികള്‍. ആദ്യ മൂന്നു പേരും ക്വട്ടേഷന്‍ സംഘാംഗങ്ങളും കുറ്റകൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തവരുമാണ്‌. ഒന്നാം പ്രതി ബിബിന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ ജയിലില്‍ ആണുളളത്‌. സുധീഷ്‌ കൃഷ്‌ണനാണ്‌ ക്വട്ടേഷന്‌ നേതൃത്വം കൊടുന്നത്‌. നാലാം പ്രതി ടിജോ ചാക്കോ കുറ്റകൃത്യം ആസൂത്രണം ചെയ്‌തയാളാണ്‌.

അതേസമയം കേസില്‍ പ്രതിയാകുമെന്ന്‌ വന്നതോടെ ടിജോ കാനഡയ്‌ക്ക്‌ കടന്നിരുന്നു. ഇയാളെ തിരികെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. ഇതിനായി ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കും. ഇയാള്‍ നാട്ടിലെത്തിയെങ്കില്‍ മാത്രമേ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച്‌ വിവരം കിട്ടുകയുള്ളൂ. ക്‌നാനായ യാക്കോബായ സഭയിലെ പാതിരിമാരും, വന്‍വ്യവസായികളും, ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും അടക്കം ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ്‌ എസ്‌.പി രാമദേവന്റെ മേല്‍നോട്ടത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. ഇന്‍സ്‌പെക്‌ടര്‍ സജി ശങ്കറിനാണ്‌ അന്വേഷണ ചുമതല. കേരളാ പോലീസിലെ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‌ പ്രത്യേക താല്‍പര്യമുള്ള കേസിന്റെ അന്വേഷണം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അട്ടിമറിച്ചിരുന്നു.

പിന്നീട്‌ ഡി.ജി.പിയും ക്രൈംബ്രാഞ്ച്‌ ഐ.ജിയും ചേര്‍ന്ന്‌ നിയോഗിച്ച പ്രത്യേക സംഘം ക്വട്ടേഷന്‍ എടുത്തവരെ തിരിച്ചറിയുകയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ചെയ്‌തപ്പോഴാണ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിട്ടത്‌. 2018 ഏപ്രില്‍ ഏഴിന്‌ രാത്രി 11 മണിയോടെയാണ്‌ ബിനു കുരുവിളയെ സ്വന്തം വീട്ടില്‍ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്‌. പിറ്റേന്ന്‌ നടന്ന ക്‌നാനായ സഭ മാനേജിങ്‌ കമ്മറ്റി തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായിരുന്നു ബിനു. തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ചേരിപ്പോരിന്റെ ബാക്കി പത്രമായിരുന്നു ബിനുവിന്‌ നേരെയുണ്ടായ ആക്രമണം. നാട്ടിലുള്ള ഒരു പ്രമുഖ വ്യവസായിയാണ്‌ ക്വട്ടേഷന്‍ ആക്രമണത്തിന്‌ നേതൃത്വം നല്‍കിയത്‌ എന്നാണ്‌ ബിനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌.

ബിനുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുന്നതിനായി സി.ബി.ഐ അന്വേഷണം തുടരുകയാണ്‌. കുറ്റകൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തില്ലെങ്കിലും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെടുകയും പണം നല്‍കുകയും ചെയ്‌തവരെ കുറിച്ചുള്ള വിവരങ്ങള്‍ കേരളാ പോലീസ്‌ നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സി.ബി.ഐ മുന്നോട്ടു പോകും. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വരുന്നതിനും കൃത്യം നടത്തുന്നതിനും സാക്ഷിയായ ക്‌നാനായ സഭയിലെ വൈദികന്റെ 164 മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു. അതേസമയം ആദ്യം ലോക്കല്‍ പോലീസും പിന്നീട്‌ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ബിനു ഹൈക്കോടതിയെ സമീപിച്ചത്‌.

Related Articles

Latest Articles