Saturday, April 27, 2024
spot_img

വാളയാര്‍ കേസ്; ഡമ്മി പരീക്ഷണത്തിന് ഒരുങ്ങി സി.ബി.ഐ

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തുന്നു. കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പഴയ വീട്ടിലും പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുന്നത്.

കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്താനാണ് സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് ഡമ്മി പരീക്ഷണം തുടങ്ങിയത്.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. ജനുവരി 2 ന് വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ പിന്നെയും വൈകിയിരുന്നു.

ഹൈകോടതി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്. ബലാത്സംഗം, പോക്സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ മൂന്ന് പ്രതികളാണ് നിലവില്‍ ജയിലിലുള്ളത്. നിലവില്‍ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തില്‍ നിന്നും കേസിന്‍റെ എല്ലാ രേഖകളും സി.ബി.ഐ സംഘം ഏറ്റെടുത്തിരുന്നു.

Related Articles

Latest Articles