Thursday, January 8, 2026

മലകയറുന്ന അയ്യപ്പഭക്തര്‍ക്ക്ഔഷധകുടിവെള്ളമേകാന്‍ അട്ടപ്പാടിയിലെ വനവാസികള്‍

സന്നിധാനം: മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ഔഷധകുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യാൻ ഇനി വനവാസി തൊഴിലാളികളുടെ സേവനവും ഉണ്ടാകും.652 പേരെ കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുണ്ട് . ഇതില്‍ 200 പേര്‍ പുതൂര്‍, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള വാസികള്‍ ആണെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ജി.പി. പ്രവീണ്‍ പറഞ്ഞു. ശരംകുത്തിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് നീലിമല മുതല്‍ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റര്‍ അകലത്തിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമുണ്ട്.

ജലജന്യ രോഗങ്ങളെ ഭയപ്പെടാതെ തീര്‍ഥാടനം പൂര്‍ത്തിയാക്കാമെന്നതാണ് കുടിവെള്ള വിതരണം കൊണ്ടുള്ള പ്രധാന നേട്ടം. പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായും ഇല്ലാതാക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് കുടിവെള്ളത്തോടൊപ്പം ബിസ്‌കറ്റ് ലഭിക്കുന്നതും ആശ്വാസമാണ്. ഒരു കോടി അറുപത്തിയേഴ് ലക്ഷത്തിലധികം ബിസ്‌കറ്റാണ് ഈ മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് നല്‍കിയത്. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ മാത്രം 25 ലക്ഷത്തിലധികം ബിസ്‌കറ്റ് വിതരണം ചെയ്തതായി സ്പെഷല്‍ ഓഫീസര്‍ പറഞ്ഞു.

Related Articles

Latest Articles