Monday, May 13, 2024
spot_img

വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി. തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ എണ്ണം 15 ആയി

തിരുവനന്തപുരം- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി നാലാമത്തെ കപ്പൽ തീരത്തെത്തി. ചൈനീസ് കപ്പലായ ഷെൻ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഇന്ന് രാവിലെ 11.18 ഓടെയാണ്കപ്പൽ വിഴിഞ്ഞത്ത് തീരം തൊട്ടത്. 2 മെഗാമാക്സ് എസ്.ടി.എസ് ക്രയിനുകളും മൂന്ന് യാർഡ് ക്രയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകൾ ഇറക്കും. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി.

17 ക്രയിനുകൾ കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 12നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്. ഇതിൽ രണ്ട് യാർഡ് ക്രെയിനുകളും ഒരു ഷിഫ്റ്റ് ഷോർ ക്രെയിനുമാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇതിന് ശേഷം നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തി. ഇതിൽ ഒരു ഷിഫ്റ്റ് ടു ഷോർ ക്രെയിനും മൂന്ന് യാർഡ് ക്രെയിനുകളുമാണ് ഉണ്ടായിരുന്നത്.

ഇസഡ്പിഎംസി (ZPMC) എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് തുറമുഖത്തിൻ്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിൻ്റെ ശ്രമം. ആകെ 7,700 കോടി രൂപയാണ് തുറമുഖത്തിൻ്റെ നിർമാണ ചെലവ്. രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖം.

ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുള്ളത്. ആഘോഷപൂർവ്വം ആദ്യ കപ്പലിനെ വരവേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും കപ്പലിലെത്തിച്ച ക്രെയിനുകൾ ഇറക്കാൻ സാധിച്ചിരുന്നില്ല. ഷെൻ ഹുവ 15 കപ്പലിൽ ചൈനീസ് പൗരന്മാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതായിരുന്നു കാരണം.

അതേസമയം കപ്പൽ തുറമുഖത്ത് പിടിച്ചിട്ടിരുന്നാൽ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്‌ട പരിഹാരമായി നൽകേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി നഷ്‌ട പരിഹാരം ഒഴിവാക്കാനുള്ള ചർച്ചയും അദാനി തുടങ്ങിയിരുന്നു.

Related Articles

Latest Articles