Friday, May 3, 2024
spot_img

പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട സംഘത്തിന് ധനസഹായം കിട്ടിയത് മലപ്പുറത്ത് നിന്ന്; പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ പദ്ധതിക്ക് ഹവാല പണമൊഴുക്കിയ സംഘത്തിനെതിരെ എൻ ഐ എ റെയ്‌ഡിൽ ലഭിച്ചത് നിർണ്ണായക തെളിവുകൾ

മലപ്പുറം: ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട പോപ്പുലര്‍ ഫ്രണ്ട്‌ സംഘത്തിന് സാമ്പത്തികസഹായം ലഭിച്ചത് മലപ്പുറത്തെ രണ്ടുപേരില്‍ നിന്നാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ ജൂലൈ 12 ന് ബിഹാറിലെ ഫുല്‍വാരി ഷെരീഫില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട്‌ ഗൂഢാലോചന നടത്തിയെന്നും അതിനായി കോടികളുടെ ഹവാല പണമൊഴുകിയെന്നുമാണ് കേസ്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ എന്‍.ഐ.എയും ബിഹാര്‍ പോലീസും കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ റെയ്‌ഡ്‌ നടത്തിയിരുന്നു.

ബിഹാര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ കഴിഞ്ഞ ജൂലൈ 22-നാണ്‌ എന്‍.ഐ.എ. ഏറ്റെടുത്തത്‌. 26 പേര്‍ അറസ്‌റ്റിലായ ഫുല്‍വാരി ഷെരീഫ്‌ കേസിനേത്തുടര്‍ന്നാണു പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ(പി.എഫ്‌.ഐ)യെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്‌. ഫുല്‍വാരി ഷെരീഫ്‌ കേന്ദ്രീകരിച്ച്‌ പി.എഫ്‌.ഐ. ആയുധപരിശീലനം നടത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍നിന്ന്‌ ഉള്‍പ്പെടെയുള്ളവര്‍ ആയുധപരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

ഫുല്‍വാരി ഷെരീഫ്‌ കേസുമായി ബന്ധപ്പെട്ട്‌ കേരളം, കര്‍ണാടക, ബിഹാര്‍ സംസ്‌ഥാനങ്ങളിലെ 25 കേന്ദ്രങ്ങളിലാണ്‌ എന്‍.ഐ.എ. കഴിഞ്ഞദിവസം റെയ്‌ഡ്‌ നടത്തിയത്‌. റെയ്‌ഡ്‌ ഇന്നലെയും തുടര്‍ന്നു. മലപ്പുറത്തെ നിലമ്പൂരിലും കൊണ്ടോട്ടിക്കടുത്ത്‌ മൊറയൂരിലും പി.എഫ്‌.ഐ. ബന്ധം സംശയിക്കപ്പെടുന്നവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലുമാണു പരിശോധന നടന്നത്‌. നിലമ്പൂര്‍, മയ്യന്താനി സ്വദേശി ഉലുവാന്‍ ഷെബീറിന്റെ വീട്ടിലും എന്‍.ഐ.എ. സംഘമെത്തി. റെയ്‌ഡില്‍ ലഭിച്ച രേഖകള്‍ ഫുല്‍വാരി ഷെരീഫ്‌ കേസ്‌ അന്വേഷണസംഘത്തിനു കൈമാറിയതായി എന്‍.ഐ.എ. കൊച്ചി യൂണിറ്റ്‌ വ്യക്‌തമാക്കി. ഈ രേഖകള്‍ ലഭിച്ച വീടുകളുടെ ഉടമകളോട്‌ എന്‍.ഐ.എ. പട്‌ന ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്‌.

Related Articles

Latest Articles