ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റന്നാൾ പുറത്തു വിടും. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിനെതിരെ നല്‍കിയ ഹർജി തള്ളിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ എല്ലാം ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. സിനിമ രംഗത്തെ നിരവധി സ്ത്രീകൾ നിർണായക വിവരങ്ങൾ അടക്കം കമ്മീഷന് കൈമാറിയിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷൻ കൂടിയായായിരുന്നു ഇത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ ഹേമയെ കൂടാതെ നടി ശാരദ, റിട്ട. ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തുരണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകളോ നടപടികളോ ഉണ്ടായിരുന്നില്ല.
ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. പിന്നാലെ അരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാരോപിച്ച് സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെ സജിമോന്‍ ഹര്‍ജി നല്‍കി. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിൽ റിപ്പോർട്ട് പുറത്തു വിടുന്നതിൽ ഒരാഴ്ചത്തെ സ്റ്റേ ആദ്യം അനുവദിച്ച കോടതി പിന്നീട് ഹർജി തള്ളുകയായിരുന്നു.

