പട്‌ന : ഹോട്ടലിന് ‘ മൈ സെക്കൻഡ് വൈഫ്’ ‘ എന്ന് പേരിട്ട് വൈറലായ റെസ്റ്റോറന്റ് ഉടമ രഞ്ജിത് കുമാർ ജീവനൊടുക്കി.വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.ഏറെ നേരമായിട്ടും വീട് തുറക്കാതിരുന്നതിനെ തുടർന്ന് അയൽക്കാരാണ് വിവരം ബാർഹ് പോലീസിൽ അറിയിച്ചത് . പോലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് .
കടയുടെ ഉദ്ഘാടനത്തിന് പിന്നാലെ, കടയുടെ പേരിനെച്ചൊല്ലി രഞ്ജിത് കുമാറും ഭാര്യ സുഷമ കുമാരിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു . ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തന്റെ ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് റസ്റ്റോറന്റ് തുറന്നതെന്ന് ഉദ്ഘാടനദിവസം രഞ്ജിത് കുമാർ പറഞ്ഞിരുന്നു. അതുകൊണ്ടാണ് കടയ്‌ക്ക് ഈ പേര് നൽകിയതെന്നും രഞ്ജിത് കുമാർ പറഞ്ഞു. എന്നാൽ ഈ പേരിനോട് ഭാര്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

