Saturday, May 18, 2024
spot_img

കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ പോലീസ് തടഞ്ഞുവച്ച സംഭവം; കൊല്ലം സ്വദേശിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കറുത്ത ചുരിദാർ ധരിച്ചതിന്റെ പേരിൽ നവകേരള സദസ്സിൽ പങ്കെടുപ്പിക്കാതെ പോലീസ് തടഞ്ഞ യുവതിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചന നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. സംഭവം കടുത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും സംഭവത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

ഡിസംബർ 18 നായിരുന്നു കൊല്ലത്ത് നടന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ ഭർതൃമാതാവിനൊപ്പം അർച്ചന പോയത്. എന്നാൽ വസ്ത്രത്തിന്റെ നിറം കറുപ്പായതിന്റെ പേരിൽ പോലീസ് വേദിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം അർച്ചനയെ പോലീസ് തടയുകയും ചെയ്തു. ഇത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അർച്ചന കോടതിയെ സമീപിച്ചത്. സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും നിർദ്ദേശിക്കുന്നുണ്ട്

പ്രതിഷേധിക്കാനെത്തിയതാണെന്ന പേരിലാണ് തന്നെ പോലീസ് തടഞ്ഞത് എന്നാണ് അർച്ചന പറയുന്നത്. ഭർത്താവ് ബിജെപി നേതാവാണ്. അതിനാൽ കറുപ്പ് ചുരിദാർ ഇട്ട് പ്രതിഷേധിക്കാൻ എത്തിയതാണെന്നാണ് പോലീസ് കരുതിയത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണെന്ന് നിരവധി തവണ പറഞ്ഞെങ്കിലും വിടാൻ തയ്യാറായില്ല. ഭർത്താവിന്റെ വയോധികയായ മാതാവിനെയും കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിച്ചിരുന്നുവെന്നും അർച്ചന പ്രതികരിച്ചിരുന്നു

Related Articles

Latest Articles