Friday, May 10, 2024
spot_img

“യാത്രയ്ക്കിടെ അക്രമസംഭവം ഉണ്ടായിട്ടില്ല; മതസ്പർധ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നിട്ടില്ല”.എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും !പോലീസിന് നിയമോപദേശം

തിരുവനന്തപുരം :സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാമെന്നു നിയമോപദേശം. അസി.പബ്ലിക് പ്രോസിക്യൂട്ടർ ആർ.മനുവാണു പൊലീസിനു നിയമോപദേശം നൽകിയത്. കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് എൻഎസ്എസ് നാമജപയാത്ര നടത്തിയത്. പോലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തു. എഎന്‍എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാറിനെയും കണ്ടാലറിയാവുന്ന ആയിരം എന്‍എസ്എസ് പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍എസ്എസ് ഭാരവാഹിയെന്ന നിലയില്‍ കോട്ടയം ചങ്ങനാശ്ശേരിയിലെ വിലാസമാണ് തിരുവനന്തപുരത്ത് താമസിക്കുന്ന സംഗീത് കുമാറിന്റേതായി എഫ്ഐആറില്‍ ചേര്‍ത്തിരുന്നത്. യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആരും പരാതി നൽകാത്തതിനാൽ കേസ് പിന്‍വലിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

“നാമജപ ഘോഷയാത്ര സമാധാനപരമായി നടന്ന ആചാരപരമായ യാത്രയാണ്. സമാധാനപരമായി നടത്തുന്ന ഇത്തരം മതാചാരങ്ങൾക്കു ഭരണഘടന സംരക്ഷണം നൽകുന്നുണ്ട്. കൂട്ടം ചേർന്നു ഗതാഗതം തടസപ്പെടുത്തിയതിനു വഴിയാത്രക്കാരോ വാഹനയാത്രക്കാരോ പരാതി നൽകിയിട്ടില്ല. സംഘടനകളും പരാതിയുമായി എത്തിയിട്ടില്ല. യാത്രയ്ക്ക് ഇ–മെയിലിലൂടെ പോലീസിനോട് അനുവാദം തേടിയിരുന്നു. യാത്രയ്‍ക്കിടെ അക്രമസംഭവം ഉണ്ടായിട്ടില്ല. മതസ്പർധ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നിട്ടില്ല. കേസ് പിന്‍വലിച്ചു കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം” നിയമോപദേശത്തിൽ പറയുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണു കേസ് പിൻവലിക്കാനുള്ള നിയമോപദേശം എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ സമദൂരനിലപാടാണ് എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles