ദില്ലി: പങ്കാളിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവർഗാനുരാഗിയായ പെൺകുട്ടി നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി. കൊല്ലം സ്വദേശിയായ പെൺകുട്ടിയാണ് കോടതിയിൽ ഹർജി നൽകിയത്. തന്റെ പങ്കാളിയെ കൗൺസിലിംഗിന് വിടാനുള്ള ഹൈക്കോടതി നിർദ്ദേശം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി നടപടികൾ താൽകാലികമായി സ്റ്റേ ചെയ്തു. കൂടാതെ പെൺകുട്ടിയെ കൊല്ലം കുടുംബക്കോടതിയിൽ ഹാജരാക്കണമെന്നും അറിയിച്ചു. കൂടാതെ സുപ്രീം കോടതി അഡീഷണൽ രജിസ്ട്രാർ പെൺകുട്ടിയെ കണ്ട് സംസാരിച്ച് റിപ്പോർട്ട് രഹസ്യരേഖയായി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
ഫെബ്രൂവരി പതിനേഴിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസിൽ കക്ഷികളായ പെൺകുട്ടിയുടെ മാതാപിതാകൾക്കടക്കം കോടതി നോട്ടീസ് അയച്ചു. അഭിഭാഷകരായ ശ്രീറാം പ്രക്കാട്ട്, വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് ഹർജിക്കാരിക്കായി കോടതിയിൽ ഹാജരായത്.

