ലഡാക്ക് : 18,600 അടി ഉയരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം. ലഡാക്കിലെ നന്‍ കുന്‍ മലനിരകളിലാണ് ഇന്ത്യന്‍ സൈന്യം അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തിയത്. 18,600 അടി ഉയരത്തില്‍ കുത്തനെയുള്ള ചെരിവില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പര്‍വതാരോഹകനെയാണ് ഇന്ത്യന്‍ ആര്‍മി ഏവിയേഷന്‍ പൈലറ്റുമാര്‍ അതിശക്തമായ കാറ്റിനിടയിലും രക്ഷപ്പെടുത്തിയത്.
അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യമായ ഘട്ടത്തില്‍ സംഭവസ്ഥലത്തേക്ക് തിരിച്ച ഹെലിക്കോപ്റ്ററിന്റെ ലിഫ്റ്റിങ് കപ്പാസിറ്റിയെ ബാധിക്കാതിരിക്കാന്‍ ഇന്ധനത്തിന്റെ അളവ് കുറച്ചിരുന്നു. ഉയര്‍ന്ന പ്രദേശമായതിനാല്‍ വായുസമ്മര്‍ദം കുറവായത് ഹെലിക്കോപ്റ്ററിന്റെ പ്രവര്‍ത്തനത്തെ നേരിയ തോതില്‍ സ്വാധീനിക്കുകയും ചെയ്തു. എന്‍ജിന്‍ ദുര്‍ബലമാകുന്നതിനാല്‍ റോട്ടോറിന് കൂടുതല്‍ ബലം പ്രയോഗിക്കാന്‍ കഴിയാത്തത് എയര്‍ക്രാഫിറ്റിന്റെ ലിഫ്റ്റിങ് കപ്പാസിറ്റിയെ ബാധിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് അത്യാവശ്യമില്ലാത്ത സാധനങ്ങളെല്ലാം ഒഴിവാക്കിയ ശേഷമാണ് ദൗത്യം ആരംഭിച്ചത്. ഹെലിക്കോപ്റ്റിന് ലാന്‍ഡ് ചെയ്യാന്‍ സാഹചര്യമില്ലാത്ത പ്രദേശത്ത് കൂറ്റന്‍ ചരിവിനോട് ചേര്‍ന്ന് ഹെലിക്കോപ്റ്ററിന്റെ ഒരു സ്‌കിഡ് മാത്രം തട്ടിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനം.
കുത്തനെയുള്ള ചരുവില്‍ ഹെലിക്കോപ്റ്ററിനെ ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂരി കോര്‍പ്പ്സ് നിലയുറപ്പിച്ചു. സുരക്ഷിതമായി രോഗിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സൈന്യം തന്നെയാണ് എക്സിലൂടെ പുറത്ത് വിട്ടത്. ഗ്രൗണ്ട് ടീമും പൈലറ്റുമാരും സമയോചിതമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം വിജയമായത്. ലഡാക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മന്‍ കുന്‍ മലനിരകളില്‍ നിരവധി കൊടുമുടികളാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ നേര്‍ത്ത വായു, ശക്തമായ കാറ്റ്, കൂറ്റന്‍ ചരുവുകള്‍, മാറുന്ന കാലാവസ്ഥ എന്നിവ നേരിടേണ്ടി വരും.

