കൊച്ചി :ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച 19 വയസ്സുകാരിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കുട്ടിയുടെ ശരീരത്തിലാകമാനം മുറിവേറ്റ പരിക്കുകളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. കളമശേരി മെഡിക്കൽ കോളേജിൽ ഫ്രീസർ ഒഴിവില്ലാത്തതിനാൽ മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. ആറ് ദിവസമായി പെണ്കുട്ടി വെന്റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദ്ദിച്ച സുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും. പോക്സോ കേസ് അതിജീവിതയാണ് മരിച്ച പെൺകുട്ടി.
പോക്സോ അതിജീവിതയെ ശനിയാഴ്ചയാണ് അനൂപ് ക്രൂരമായി മർദ്ദിച്ചത്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമാണ് പ്രതിയുടെ മൊഴി. പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു. പിന്നീട് പെൺകുട്ടി ഷാളുപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നല്കിയ മൊഴി. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി മരിച്ചെന്നു ഇയാൾ സ്ഥലം വിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

