Saturday, May 18, 2024
spot_img

“നവ കേരള സദസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് മ്യൂസിയത്തില്‍ വയ്ക്കുന്നതിനും മുന്‍പ് പ്രദർശനത്തിന് വയ്‌ക്കേണ്ടത് ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ്” – പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോഴിക്കോട് :നവ കേരള സദസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് മ്യൂസിയത്തില്‍ വയ്ക്കുന്നതിനും മുന്‍പ് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ് മ്യൂസിയത്തില്‍ വയ്‌ക്കേണ്ടതെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവരാണ് ആത്മഹത്യാ സ്‌ക്വാഡെന്നും ചാവേര്‍ എന്നുമൊക്കെ പറയുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വന്തം കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് തുറന്നടിച്ചു.

“യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വധശ്രമം നടത്തിയ ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ഇത്തരം പ്രവൃത്തികള്‍ തുടരണമെന്ന് പറയുകയും ചെയ്തു. പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവത്തിലാണ് മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയത്. ക്രിമിനല്‍ മനസ്സുള്ള ആള്‍ക്കല്ലാതെ ആര്‍ക്കാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുക. മത്സ്യത്തൊഴിലാളിയുടെ മകനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. മറ്റൊരാള്‍ ഐ.സിയുവിലാണ്. ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞു. ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചിട്ടും ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ഉത്തരവാദപ്പെട്ട പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആ കസേരയില്‍ ഇരുന്ന് ഇതുപോലുള്ള വര്‍ത്തമാനം പറഞ്ഞപ്പോള്‍ സൗമ്യമായി സംസാരിക്കുന്ന എന്റെ ഭാഷയില്‍ പോലും മാറ്റമുണ്ടായി. ഇനിയും ഇതുപോലെ പെരുമാറിയില്‍ ഇതുപോലുള്ള കടുത്ത ഭാഷ പ്രയോഗിക്കേണ്ടി വരും. ഖദര്‍ ഇട്ടവരെയൊക്കെ കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി എന്താ രാജാവാണോ ? രാജഭരണമെന്നാണ് ധാരണ.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവരാണ് ആത്മഹത്യാ സ്‌ക്വാഡെന്നും ചാവേര്‍ എന്നുമൊക്കെ പറയുന്നത്. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. ഒന്നും സഹിക്കാന്‍ പറ്റില്ല. സ്വന്തം കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് എന്നെ വിമര്‍ശിക്കുന്നത്. നവകേരള സദസ് വലിയ വിജയമാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണെന്ന് ആണ്ടിതന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നത്. നവകേരള യാത്ര വിജയമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഡി.ഇ.ഒയെ പേടിപ്പിച്ച് സ്‌കൂള്‍ കുട്ടികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് നവകേരള സദസ് വന്‍വിജയമാണെന്ന് പറയുന്നത്.

ഭരണസിരാകേന്ദ്രത്തില്‍ മന്ത്രിമാര്‍ ഇല്ലാത്ത അവസ്ഥയാണ്. പല ജില്ലകളിലും മഴപെയ്തിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ പോലും കൃത്യമായി നടക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രയും ദിവസം ടൂര്‍ പോയ സംഭവം കേരളത്തിലുണ്ടായിട്ടില്ല. രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മ്യൂസിയത്തില്‍ വയ്ക്കാന്‍ പോകുന്ന വണ്ടിയില്‍ ഇരിക്കാമെന്നല്ലാതെ മന്ത്രിമാര്‍ക്ക് ഒരു പണിയുമില്ല. ആ വണ്ടി മ്യൂസിയത്തില്‍ വയ്ക്കുന്നതിനും മുന്‍പ് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ് മ്യൂസിയത്തില്‍ വയ്‌ക്കേണ്ടത്. അത് കാണാന്‍ വന്‍ ജനത്തിരക്കായിരിക്കും. ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് സര്‍ക്കാര്‍ നടത്തുന്നത്”

Related Articles

Latest Articles