Friday, January 2, 2026

കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ‘ദി കശ്‍മീര്‍ ഫയല്‍സ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തിലെ ദുരന്തങ്ങളുടെ കഥ പറഞ്ഞ ബോളിവുഡ് ചിത്രമാണ് ദി കശ്മീർ ഫയൽസ്. ഈ ചിത്രം ഏറെ വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിവച്ചിരുന്നു. മാര്‍ച്ച് 11 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയാണിത്. രണ്ട് മാസത്തിനു ശേഷമാണ് ഒടിടി റിലീസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക.

മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് ആയിരുന്നു. വെറും 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Related Articles

Latest Articles