Monday, May 20, 2024
spot_img

സെഞ്ചുറി നേടിയ ലങ്കൻ നായകനും ഇന്ത്യയെ തടയാനായില്ല;ഗോഹട്ടി ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യൻ വിജയം 67 റൺസിന്

ഗോഹട്ടി : തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞ ശ്രീലങ്കൻ നായകൻ ദസുൻ ഷനകയ്ക്കും ഇന്ത്യൻ വിജയം തട്ടിയെടുക്കാനായില്ല . ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം നേടി. 67 റൺസിനാണ് ഇന്ത്യൻ ടീം വിജയതീരമണിഞ്ഞത് . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 373 റണ്‍സ് നേടി . ശ്രീലങ്കയുടെ മറുപടി 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിച്ചു. ഏകദിനത്തിലെ രണ്ടാം സെഞ്ചറി നേടിയ ഷനക 108 റൺസുമായി തോൽവിയിലും ലങ്കൻ നിരയിൽ തിളങ്ങി. വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ നടക്കും.

ലങ്കൻ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഒൻപതാം വിക്കറ്റിലേക്ക് കാത്തുവച്ച് പോരാടിയാണ് ശ്രീലങ്കൻ നായകൻ ദസുൻ ഷനക ഇന്ത്യൻ വിജയം താമസിപ്പിച്ചത്. 88 പന്തുകൾ നേരിട്ട ഷനക, 12 ഫോറും മൂന്നു സിക്സും സഹിതമാണ് സെഞ്ചുറിയിലേക്കെത്തിയത്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഫോറടിച്ച് സെഞ്ചറി തികച്ച ഷനക, അവസാന പന്തിൽ സിക്സും നേടി ഏകദിനത്തിൽ തന്റെ ഉയർന്ന സ്കോറും (108*) കുറിച്ചു. ഒൻപതാം വിക്കറ്റിൽ കസുൻ രജിതയെ കൂട്ടുപിടിച്ച് ഷനക സെഞ്ചറി കൂട്ടുകെട്ടും തീർത്തു. 73 പന്തിൽ നിന്നാണ് ഇരുവരും 100 റൺസ് കൂട്ടിച്ചേർത്തത്. രജിത 19 പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഉമ്രാൻ മാലിക്ക് എട്ട് ഓവറിൽ 57 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് ഏഴ് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.നേരത്തെ, വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിലാണ് ലങ്കയ്ക്കെതിരെ ഇന്ത്യ വമ്പൻ സ്കോറിലെത്തിയത്.

Related Articles

Latest Articles