Monday, June 17, 2024
spot_img

വൺവേ തെറ്റിച്ച് കുതിച്ചെത്തി അഭിഭാഷകയുടെ കാർ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ബസിലെ യാത്രക്കാരി അഭിഭാഷകയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി

തൃശൂർ : വൺവേ തെറ്റിച്ച് കുത്തിച്ചെത്തിയ അഭിഭാഷകയുടെ കാർ കാരണംഒരു മണിക്കൂറോളം സമയം ജനം ഗതാഗതകുരുക്കിൽ ശ്വാസം മുട്ടി.ഗതാഗതം മുടങ്ങിയതോടെ അഭിഭാഷകയും നാട്ടുകാരും തമ്മിൽ സംഘർഷമായി. തൃശൂർ വെള്ളാങ്കല്ലൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ തൃശൂർ നഗരത്തിലേക്കും ഇരിങ്ങാലക്കുട ഭാഗത്തേക്കും എത്തിച്ചേരുന്നതിനായി നിരവധിയാളുകൾ ആശ്രയിക്കുന്നതിനാൽ തിരക്കേറിയതാണ് ഈ ഭാഗം.

കുറുക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്ത് സംസ്ഥാന ഹൈവേയിൽ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നതിനാൽ വെള്ളാങ്കല്ലൂർ ഭാഗത്തുനിന്ന് ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ വഴി തിരിഞ്ഞ് പോകുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അഭിഭാഷക വൺവേ തെറ്റിച്ച് കാറുമായെത്തിയത്.

ബസ് ഉൾപ്പെടെയുള്ളവ എതിരെ വന്നപ്പോൾ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവർ കാർ നിർത്തിയത്. ആളുകൾ വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ അഭിഭാഷക മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അഭിഭാഷകയാണെന്ന് പറഞ്ഞ ഇവർ വാഹനം പുറകോട്ട് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ബസുകളടക്കം വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്.

വഴിയിൽ കുടുങ്ങിയതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങി. ഇതോടെ ഇവർ കാർ ഓഫാക്കി. പൊലീസ് എത്തിയാൽ മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂവെന്ന് നിലപാടെടുത്തു. ഇതാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചത്. ബസിൽനിന്ന് ഇറങ്ങിവന്ന സ്ത്രീ കയ്യേറ്റം ചെയ്‌തതായി അഭിഭാഷക പരാതി നൽകി. യുവതിക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു

Related Articles

Latest Articles