ബെംഗളൂരു : ടെറസ്സിൽ ഒളിച്ചിരുന്നത് മാതാപിതാക്കൾ കണ്ടെത്തിയതോടെ വഴക്കിൽനിന്നു രക്ഷപ്പെടാനായി എട്ടുവയസ്സുകാരി പറഞ്ഞ നുണ വിശ്വസിച്ച് ജനക്കൂട്ടം അസം സ്വദേശിയായ നിരപരാധിയായ ഡെലിവറി ബോയിയെ മർദിച്ചവശനാക്കി. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലായിരുന്നു നടുക്കുന്ന സംഭവം.
കുട്ടി ടെറസില്‍ ഒളിച്ചിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ തിരഞ്ഞെത്തിയപ്പോൾ വഴക്കില്‍നിന്നു രക്ഷപ്പെടാനായി ഡെലിവറിബോയ് ബലമായി ടെറസിലേക്കു കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ കയ്യില്‍ കടിച്ചു താന്‍ രക്ഷപെട്ടെന്നുമായിരുന്നു പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞത്.
കുട്ടി പറഞ്ഞത് വിശ്വസിച്ച മാതാപിതാക്കളും ഫ്ലാറ്റിലെ മറ്റു താമസക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നു യുവാവിനെ മർദ്ദിച്ചു. മര്‍ദ്ദനത്തില്‍ യുവാവിന്റെ തോളെല്ലിനു സാരമായ പരിക്കുണ്ട്. ഒടുവിൽ പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരുന്നത്. പെണ്‍കുട്ടി തനിയെ നടന്നു ടെറസില്‍ പോകുന്നതിന്റെ ദൃശ്യങ്ങളും യുവാവ് പാഴ്സല്‍ നല്‍കി മടങ്ങാനൊരുങ്ങുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതോടെ യുവാവിനെ തല്ലിയവരും പെൺകുട്ടിയും പ്രതിക്കൂട്ടിലായി.
ക്രൂര മർദ്ദനമേറ്റെങ്കിലും സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്നാണ് ഡെലിവറി ബോയിയുടെ നിലപാട്. കുട്ടി എന്തിനാണു കളവ് പറഞ്ഞതെന്നു അറിയില്ലെന്നും തനിക്കും ഒരു മകളുണ്ടെന്നും ഇത്തരമൊരു വാര്‍ത്ത കേട്ടാല്‍ മാതാപിതാക്കള്‍ പ്രതികരിക്കുന്ന രീതി മനസിലാകുമെന്നും യുവാവ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഇയാള്‍ വ്യക്തമാക്കി.

