Saturday, May 4, 2024
spot_img

മെസ്സി എഫക്ട്; താരം ക്ലബ് വിട്ടതോടെ സമൂഹ മാദ്ധ്യമങ്ങളിൽ പിഎസ്ജിയെ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്

പാരിസ് : കരാർ പുതുക്കാതെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ടതോടെ ക്ലബിനെ സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. മെസ്സി പടിയിറങ്ങിയതോടെ സമൂഹ മാദ്ധ്യമങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേര്‍ പിഎസ്ജിയെ പിന്തുടരുന്നത് നിർത്തിയെന്നാണ് റിപ്പോർട്ട്. 69.9 ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന പിഎസ്ജിയെ ഇപ്പോൾ പിന്തുടരുന്നത് 68.8 ദശലക്ഷം ആളുകളാണ്.

ക്ലെർമോണ്ടിനെതിരെ പിഎസ്ജി 3–2ന് തോറ്റ മത്സരത്തിലും മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ തിരിഞ്ഞിരുന്നു. മത്സരത്തിനു ശേഷം സംഘാടകർ മെസ്സിയുടെ പേരു വിളിച്ചപ്പോൾ കൂവിവിളികളോടെയാണ് ആരാധകര്‍ സൂപ്പർ താരത്തെ നേരിട്ടത്. ക്ലബിനും പാരിസ് നഗരത്തിലെ ജനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായി ലയണൽ മെസ്സി മത്സര ശേഷം പ്രതികരിച്ചു. സൗദി അറേബ്യന്‍ ക്ലബ് അൽ ഹിലാൽ കോടികളെറിഞ്ഞ് മെസ്സിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

ഫ്രഞ്ച് ക്ലബ്ബിലെ അവസാന മത്സരത്തില്‍ തോൽവിയോടെയാണ് അർജന്റീന സൂപ്പർ താരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് വിട ചൊല്ലിയത്. മെസ്സിക്കൊപ്പം സ്പാനിഷ് പ്രതിരോധ താരം സെർജിയോ റാമോസും ക്ലബ്ബിനോടു വിട പറഞ്ഞു. ലീഗിലെ അവസാന മത്സരത്തിൽ ഇതിഹാസ തുല്യരായ രണ്ട് താരങ്ങൾക്ക് വിജയത്തോടെ യാത്ര അയപ്പ് നൽകാൻ ടീമിനായില്ല. ക്ലെർമണ്ടിനെതിരെ 3–2 എന്ന സ്കോറിനാണ് പിഎസ്ജി തോൽവി വഴങ്ങിയത്.

പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ കിക്കോഫിനു മുൻപ് മെസ്സിയുടെ പേരു അനൗൺസ് ചെയ്തപ്പോൾ കയ്യടികളും കൂവലുകളും സമ്മിശ്രമായിരുന്നു. മത്സരത്തിൽ കിട്ടിയ അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി പന്ത് വലയിലെത്തിക്കാൻ താരത്തിനായില്ല. 16–ാം മിനിറ്റിൽ ഹെഡറിലൂടെ റാമോസും 21–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കിലിയൻ എംബപെയുമാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് 3 ഗോളുകൾ തിരിച്ചടിച്ച് ക്ലെർമണ്ട് വിജയം നേടി. തോറ്റെങ്കിലും പിഎസ്ജി നേരത്തേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു.

Related Articles

Latest Articles