Thursday, May 16, 2024
spot_img

കേസെടുത്തെന്ന് അറിഞ്ഞപ്പോൾ ചിരി വന്നു; മൈക്ക് തകരാറിലായത് മനഃപൂർവ്വമല്ല; പ്രധാനമന്ത്രിക്ക് അടക്കം മൈക്ക് നൽകി പരിചയം, മാദ്ധ്യമങ്ങളോട് പ്രതികരിച്ച് ഓപ്പറേറ്റർ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതിന് കേസെടുത്തതിനെതിരെ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ. കേസെടുത്തെന്ന് അറിഞ്ഞപ്പോൾ ചിരിവന്നെന്നും മൈക്ക് തകരാറിലായത് മനഃപൂർവ്വമല്ലെന്നും ഓപ്പറേറ്റർ രഞ്ജിത്ത് പറഞ്ഞു.’കെ സുധാകരന്‍ പ്രസംഗിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും മുഖ്യമന്ത്രി പ്രസംഗിക്കാനായി എത്തി. അപ്പോഴെക്കും ചാനലുകാരും ഫോട്ടോഗ്രാഫര്‍മാരും ഇടിച്ചുകയറി. ആ സമയത്ത് ഒരു ക്യാമറാമാന്റെ ബാഗ് കണ്‍സോളിലോട്ട് വീണു. അങ്ങനെ അതിന്റെ ശബ്ദം ഫുള്‍ ആയപ്പോഴാണ് ഹൗളിങ് സംഭവിച്ചത്. പത്തുസെക്കന്‍ഡില്‍ പ്രശ്‌നം പരിഹരിച്ചു’- രഞ്ജിത്ത് പറഞ്ഞു.

‘ ആസമയത്ത് മൈക്ക് ഓപ്പറേറ്ററായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്നലെ കണ്‍ന്റോണ്‍മെന്റ് സിഐ വിളിച്ചു വരുത്തി മൊഴിയെടുത്തു. അതിനു ഉപയോഗിച്ച് മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹൗളിങ് ഇത്ര വലിയ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മന്‍മോഹന്‍സിങ്, രാഹുല്‍ ഗാന്ധിയുടെ അടക്കം പരിപാടിയില്‍ ഞാന്‍ മൈക്ക് നല്‍കിയിട്ടുണ്ട്‌’- രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുക്കുന്നതിനിടെ
മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസ് എടുത്തിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. പൊലീസ് സ്വമേധയാ എടുത്ത കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

Related Articles

Latest Articles