Saturday, January 3, 2026

ആടിനെ മോഷ്ടിക്കുന്നത് കൈയ്യോടെ പൊക്കി!;മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

ഗിരിദി:മോഷണക്കുറ്റം ആരോപിച്ച് മദ്ധ്യവയസ്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു.ജാര്‍ഖണ്ഡിലെ ഗിരിദിയിലാണ് കൊടുംക്രൂരത നടന്നത്.സിമാരിയ സ്വദേശിയായ വിനോദ് ചൗധരി എന്നയാളാണ് ദാരുണമായി പരുക്കേറ്റതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.

ആടിനെ മോഷ്ടിക്കുന്നതിനിടയില്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ വിനോദിനെ മര്‍ദ്ദിച്ചു. ശേഷം ഇയാളെ അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ താമസിക്കുന്നവര്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. എന്നാല്‍ പോലീസ് എത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

വിനോദ് സ്ഥലത്തെ ഒരു പ്രധാന മോഷ്ടാവാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇയാള്‍ പതിവായ ഇവിടങ്ങളിലെ വീടുകളില്‍ കയറി മോഷ്ടിക്കാറുണ്ട്, ഡിസംബര്‍ 31ന് രാത്രി ഏവരും ഉറങ്ങിയ സമയത്ത് ഒരു വീടിന്‍റെ കോമ്പൗണ്ടില്‍ കയറുകയും ആടുകളെ കെട്ടഴിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആടുകള്‍ ശബ്ദമുണ്ടാക്കിയതോടെ വീട്ടുടമസ്ഥര്‍ എഴുന്നേറ്റു.ഇവര്‍ സംഭവം കണ്ട് ഉറക്കെ നിലവിളിച്ചതോടെ ചുറ്റും താമസിക്കുന്നവരെല്ലാം കൂടി. ചിലര്‍ വിനോദിനെതിരെ അമ്പെയ്യുകയും മറ്റുള്ളവര്‍ അടിക്കുകയും ചെയ്യുകയായിരുന്നു- ഇതാണ് നാട്ടുകാരുടെ വിശദീകരണമായി പോലീസ് പറയുന്നത്. മര്‍ദ്ദനത്തില്‍ ഗൗരവമായി പരുക്കേറ്റ വിനോദ് അവിടെ വച്ച് തന്നെ മരിച്ചു.

എന്നാല്‍ വിനോദ് മോഷ്ടിക്കാൻ പോയതല്ലെന്നും, അല്ലാതെ തന്നെ കൊല്ലപ്പെട്ടതാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് വിനോദിന്‍റെ മകൻ പരാതിപ്പെടുന്നത്. എന്തായാലും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വരണമെന്നുമാണ് പോലീസ് അറിയിച്ചു.

Related Articles

Latest Articles