കോൺഗ്രസിൻ്റെ വയനാട് പുനരധിവാസ പദ്ധതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിനായി പിരിച്ച പണം വീട് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഈ പണം
മറ്റ് ആവശ്യത്തിനായി വിനിയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
“വാഗ്ദാനം ചെയ്യുക എളുപ്പമാണെന്നും എന്നാൽ നടപ്പാക്കുകയാണ് ബുദ്ധിമുട്ട്. യുഡിഎഫിന് പറഞ്ഞ കാര്യം നടപ്പാക്കണമെന്ന് ഒരു കാലത്തും നിർബന്ധമില്ല. എന്നാൽ എൽഡിഎഫ് പറഞ്ഞത് ചെയ്യും.
അക്കാര്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.വയനാട് ടൗൺഷിപ്പിനായി പണം സംഭാവന ചെയ്യുമെന്നാണ് കോൺഗ്രസ് ആദ്യം പറഞ്ഞത്. സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷനേതാവും അക്കാര്യം ഉറപ്പു നൽകിയതാണ്. എന്നാൽ പിന്നീട് കോൺഗ്രസ് നിലപാട് മാറ്റി. കോൺഗ്രസിൻ്റെ വീട് നിർമ്മാണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. എന്നാൽ പിരിച്ച പണത്തിൻ്റെ കണക്ക് കോൺഗ്രസ് പറയുന്നുമില്ല.”- പിണറായി വിജയൻ പറഞ്ഞു.

