Sunday, May 19, 2024
spot_img

അഞ്ച് വയസുകാരിയുടെ അരുംകൊല; പ്രതി അസ്ഫാക്ക് 14 ദിവസത്തേക്ക് റിമാൻഡിൽ; ആലുവ സബ് ജയിലിലേക്ക് മാറ്റും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനകൾ നടത്തിയതിന് ശേഷം പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയിരുന്നു. 11 മണിയോടെയാണ് മജിസ്‌ട്രേറ്റിന് മുമ്പിലെത്തിച്ചത്. ആലുവ അഡീഷണൽ മജിസ്‌ട്രേറ്റ് ലതികയുടെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റും.

അസ്ഫാക്കിനെതിരെ കൊലപാതകവും പോക്‌സോ അടക്കമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് ബിഹാറിലേക്ക് പുറപ്പെട്ടേക്കും. പ്രതിയുടെ സ്വദേശം ബിഹാറാണെന്ന നിഗമനത്തിലാണ് യാത്ര. അസ്ഫാക്കിന്റെ ക്രിമിനൽ പശ്ചാത്തലവും മേൽവിലാസം സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കും. പ്രതി ബംഗ്ലാദേശിയാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ആലുവ തായ്‌ക്കാട്ടുകര ഐഡിയൽ സ്കൂൾ കോംപ്ലക്സിൽ പൊതുദർശനത്തിന് വച്ചിരുന്നു. രാവിലെ എട്ടു മണിയോടെ ആരംഭിച്ച പൊതുദർശനം മണിക്കൂറുകൾ നീണ്ടു. അദ്ധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പടെ നിരവധി പേർ സ്കൂളിലേക്ക് എത്തിയിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Related Articles

Latest Articles