Friday, May 3, 2024
spot_img

ജലക്ഷാമത്തിനിടെ ഓപ്പറേറ്ററുടെ ഉറക്കം! ജലസംഭരണി നിറഞ്ഞൊഴുകി നാട് വെള്ളത്തിലായി; 3 മാസത്തിനിടെ രണ്ടാം തവണ!!

കണ്ണൂർ: തളിപ്പറമ്പിലെ വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതുകൊണ്ട് വീണ്ടും നാശനഷ്ടം. ടാങ്ക് നിറഞ്ഞൊഴുകി പ്രദേശത്തെ വീടുകളിൽ വെളളം കയറി, ചെളി അടിഞ്ഞു. മൂന്ന് മാസം മുമ്പ് ഇതേ ഓപ്പറേറ്റർ ഉറങ്ങിപ്പോയതിനെ തുടർന്ന് വൻ നാശനഷ്ടമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അർധരാത്രിയാണ് ചെളിവെളളം ഒഴുകിയെത്തിയത്. റോഡ് തകർന്നു. വീടുകളുടെ മതിൽ പൊളിഞ്ഞു. ആകെ ചെളിനിറഞ്ഞു. നാട്ടുകാർ ഓപ്പറേറ്ററെ പോയി വിളിച്ചപ്പോൾ ഇയാൾ കിടന്നുറങ്ങുന്നതാണ് കണ്ടത്. കുന്നിൻ മുളകിലെ ജലസംഭരണി നിറയ്ക്കാനുള്ള സ്വിച്ച് ഓണാക്കിയാണ് ഇയാൾ കിടന്നുറങ്ങാറ്.

കഴിഞ്ഞ ഡിസംബർ 26നും സമാനദുരന്തമുണ്ടായി. തുടർന്ന് വളർത്തുകോഴികൾ ഉൾപ്പെടെ ചത്തിരുന്നു. ഓപ്പറേറ്ററെ മാറ്റാമെന്നും ടാങ്കിൽ വെളളം നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫാകുന്ന സംവിധാനം സ്ഥാപിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും എടുത്തില്ല. ഒരാളുടെ ഉറക്കം കൊണ്ട് ഒരു നാടിന് മുഴുവൻ ഉറക്കമില്ലാതായി. ജല അതോറിറ്റി ഇനിയും ഉണർന്നില്ലെങ്കിൽ സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

Related Articles

Latest Articles