കൊച്ചി:മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായി കെ ബി ഗണേശ് കുമാറിന് മന്ത്രി സ്ഥാനം നൽകാനുള്ള തീരുമാനത്തിൽ നിന്ന് എൽഡിഎഫ് പിന്തിരിയണമെന്ന ആവശ്യവുമായി പ്രതിപക്ഷം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയാണ് ഗണേശ് കുമാറെന്നും കോടതിയിൽ കേസ് നടക്കുന്ന ഗണേശിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കും.
അതേസമയം ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് മന്ത്രിസഭയിൽ പുനഃസംഘടന വരുന്നത്. മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയും ഇവർക്ക് പകരക്കാരായി കെബി ഗണേശ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഈ മാസം 29 ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും.
പരസ്യപ്രസ്താവനകൾ കൊണ്ട് പാർട്ടിക്ക് തലവേദന സൃഷ്ട്ടിക്കുന്ന ഗണേഷിനെ അധികാര കസേരയിലിരുത്തി നിശബ്ദമാക്കാമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെ പരസ്യമായി തള്ളി പറഞ്ഞ ഗണേശ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പിണറായി വിജയൻറ്റെ മരുമകൻ കൂടിയായ പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ചത് പാർട്ടി നേതൃത്വത്തെ കുറച്ചൊന്നുമല്ല അമ്പരിപ്പിച്ചത്. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുൻ മന്ത്രി സുധാകരന്റെ ചിത്രം വച്ചില്ല എന്ന് പൊതുമരാമത്ത് മന്ത്രിയെ വേദിയിലിരുത്തിയാണ് ഗണേശ് പരസ്യമായി വിമർശിച്ചത്. ഇതോടെ എന്ത് വിലകൊടുത്തും ഗണേഷിനെ നിശബ്ദമാക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. മന്ത്രിയായിരുന്ന് കൊണ്ട് സർക്കാരിനെ വിമർശിക്കാൻ ഗണേഷിന് ഇനി ആകില്ല.
അതേസമയം മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് കെ ബി ഗണേശ് കുമാർ പ്രതികരിച്ചു.
“ഗതാഗത വകുപ്പാണോ ലഭിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പ് ലഭിച്ചാൽ ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്താൻ ചില പ്ലാനുകൾ മനസ്സിലുണ്ട്. അസാധ്യമായി ഒന്നുമില്ല. ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ട്. കെഎസ്ആർടിസിയെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല. എന്നാൽ അതിനെ ഇടതുമുന്നണിക്ക് അഭിമാനിക്കാവുന്ന തരത്തിൽ ഇംപ്രൂവ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനുമെല്ലാം സർക്കാർ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. അത് കുറേയെങ്കിലും മാറ്റാൻ കഴിയുമെന്ന് വിചാരിക്കുന്നു. പൊതുഗതാഗത സംവിധാനം ഇടതു സർക്കാരിന്റെ അഭിമാന പദ്ധതിയായി മാറ്റാനുള്ള ചില പദ്ധതികളുണ്ട്. അതിന് ജനങ്ങളുടെ അടക്കം സഹകരണം വേണ്ടതുണ്ട്. ഗതാഗത വകുപ്പാണോ കിട്ടുക എന്നറിഞ്ഞശേഷം ഇക്കാര്യത്തിൽ കൂടുതൽ പറയാം. എന്തായാലും മനസ്സിൽ നല്ല പ്ലാനുകളുണ്ട്. ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകളുണ്ട്. അത് മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും. അതിന് മുഖ്യമന്ത്രിയുടേയും എൽഡിഎഫിന്റേയും അനുമതി കിട്ടേണ്ടതുണ്ട്. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം പാലിക്കും. ചെലവ് കുറയ്ക്കുക, വരുമാനം കൂട്ടുക എന്നതാണ് നയം. അഴിമതി ഒരു കാരണവശാലും അനുവദിക്കില്ല.
തൊഴിലാളികളെ ഒപ്പം നിർത്തിയാകും മുന്നോട്ടു പോകുക. തൊഴിലാളികളുടെ ക്ഷേമകാര്യത്തിൽ യൂണിയനുകൾക്ക് ഇടപെടാം. മുമ്പ് മന്ത്രിയായിരുന്നപ്പോഴും സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുമായി സഹകരിച്ചാണ് പോയത്. അന്ന് അവർ പോലും ആവശ്യപ്പെടാത്ത ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യും.
മുമ്പ് മന്ത്രിയായിരുന്നപ്പോൾ അഭിനയിച്ചിരുന്നു. ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ കൂടുതൽ നേരം ഓഫീസിൽ ഇരുന്ന് പ്രവർത്തിക്കേണ്ട വകുപ്പാണ്. ഇപ്പോൾ വിജയിച്ച നേര് വലിയ വിജയമായതിൽ സന്തോഷമുണ്ട്. ഇപ്പോൾ മന്ത്രിസ്ഥാനത്തേക്ക് വരുന്നതും നേരിന്റെ വിജയമായിക്കാണാം.” – ഗണേഷ് കുമാർ പറഞ്ഞു.

