Tuesday, May 14, 2024
spot_img

ഓപ്പണർമാരുടെ പ്രകടനം നട്ടെല്ലായി ! ഇന്ത്യയ്ക്കെതിരെ 257 റണ്‍സിന്റെ വിജയ ലക്ഷ്യമുയർത്തി ബംഗ്ലാദേശ് !

പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ 257 റണ്‍സിന്റെ വിജയ ലക്ഷ്യമൊരുക്കി ബംഗ്ലാദേശ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധസെഞ്ചുറികളാണ് ബംഗ്ലാദേശിന് പൊരുതാവുന്ന റൺസ് സ്‌കോർ ബോർഡിലെത്തിച്ചത്.

ബൗളിങ്ങിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ആശങ്ക പടര്‍ത്തി. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മൈതാനം വിട്ടു. വിരാട് കോലിയാണ് ഓവറിലെ ശേഷിച്ച പന്തുകള്‍ ബൗള്‍ ചെയ്തത്.

43 പന്തില്‍ അഞ്ച് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത തന്‍സിദിന്റെ വിക്കറ്റാണ് ബംഗ്ളാദേശിന് ആദ്യം നഷ്ടമായത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. ഇതിന് പിന്നാലെ ലിട്ടൺ ദാസും അർധസെഞ്ചുറി നേടി. തന്‍സിദിന് പകരം ക്രീസിലെത്തിയ നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ എട്ട് റൺസോടെ രവീന്ദ്ര ജഡേജ പുറത്താക്കി.

തുടർന്ന് ക്രീസിലെത്തിയ മെഹ്ദി ഹസ്സൻ മിറാസ് മൂന്ന് റൺസെടുത്ത് മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് പിടികൊടുത്ത് പുറത്തായി. മിറാസിന് പുറകേ നിലയുറപ്പിച്ച് കളിച്ചിരുന്ന ലിട്ടൺ ദാസും പവലിയനിലെത്തി. 88 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ 66 റൺസെടുത്ത ലിട്ടൺ ദാസിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. ഇവിടെ വച്ച് ഒന്നിച്ച തൗഹിദ് ഹൃദോയി – മുഷ്ഫിഖുർ റഹീം സഖ്യം ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സ്‌കോർ ബോർഡ് 179-ൽ നിൽക്കേ ഹൃദോയിയെ ശാർദൂൽ ഠാക്കൂർ പുറത്താക്കി. 16 റൺസാണ് താരത്തിന്റെ സമ്പാദ്യം.

തുടർന്ന് ക്രീസിലെത്തിയ മഹ്‌മുദുള്ളയ്‌ക്കൊപ്പം മുഷ്ഫിഖുർ റഹീം സ്‌കോര്‍ 200 കടത്തി. എന്നാൽ 38 റണ്‍സെടുത്ത മുഷ്ഫിഖുർ റഹീമിനെ ബുമ്രയുടെ പന്തിൽ ജഡേജ പിടികൂടി. എട്ടാമനായി ക്രീസിലെത്തിയ നസും അഹമ്മദിനെ ഒരറ്റത്ത് നിർത്തി മഹ്‌മുദുള്ള അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 47-ാം ഓവറിലെ അഞ്ചാം പന്തില്‍ നസുമിനെ രാഹുലിന്റെ കൈയ്യിലെത്തിച്ചതോടെ സഖ്യം വേർപിരിഞ്ഞു.

അവസാന ഓവറില്‍ ബുംറയുടെ പന്തിൽ 36 പന്തില്‍ 46 റണ്‍സെടുത്ത മഹ്‌മുദുള്ള ക്ലീന്‍ ബൗള്‍ഡായി. ഷൊറീഫുളും (7) മുസ്താഫിസുറും (1) പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശാര്‍ദൂല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.

ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന ശതമായ നിലയിലാണ്. 48 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് നഷ്ടമായത്.

Related Articles

Latest Articles