Saturday, May 4, 2024
spot_img

‘തീവ്രവാദമെന്ന തിന്മയ്‌ക്കെതിരെ ഇസ്രയേലിനൊപ്പം !’ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഇസ്രയേലിലെത്തി

ടെല്‍ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. ‘തീവ്രവാദമെന്ന തിന്മയ്‌ക്കെതിരെ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് ടെല്‍ അവീവിലെത്തിയതിന് പിന്നാലെ ഋഷി സുനക് സമൂഹ മാദ്ധ്യമമായ എക്‌സില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെര്‍സോജുമായും സുനക് കൂടിക്കാഴ്ച നടത്തും.

യുദ്ധത്തില്‍ ഇസ്രയേലിലും ഗാസയിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്നും യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുമെന്നും സുനക്കിന്റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ഗാസയിലെ ആശുപത്രിക്ക് നേരേയുള്ള ആക്രമണത്തില്‍ നിരവധിയാളുകൾ മരിച്ചതിന് പിന്നാലെ ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ അനുവാദം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹമാസ് തീവ്രവാദികൾ തൊടുത്തു വിട്ട മിസൈൽ ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചു എന്നാണ് ഇസ്രയേൽ വാദിക്കുന്നത്. എന്നാൽ ഇത് ഇസ്രയേലിന്റെ മിസൈൽ ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായി.

റഫാ അതിര്‍ത്തി വഴി അടിയന്തര സഹായമായി മരുന്നും ഭക്ഷണവുമായി ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ ഗാസയിലേക്കെത്തും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ചചെയ്തതിന് പിന്നാലെയാണ് റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍-സിസി സമ്മതം അറിയിച്ചത്. എന്നാൽ ഗാസയിലെ ആളുകളെ റഫാ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം ഹമാസ് മുതലെടുക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles