തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്ത് ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി പോലീസ്. ബെന്നി ബഹന്നാന്‍ എംപിയുടെ പരാതിയിലാണ് നടപടി. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. പേരിന് മാത്രമുള്ള ഒരു അന്വേഷണമായി കേസ് ഒതുക്കുമെന്ന് പ്രതിപക്ഷം ഇതിനോടകം തന്നെ വ്യക്തമാക്കി.
പരാതി നല്‍കിയ ബെന്നി ബെഹന്നാന്റെയും ആരോപണം ഉന്നയിച്ച ശക്തിധരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം കൈതോലപ്പായയിലെ പണം കടത്ത് ആരോപണത്തിൽ വീണ്ടും പിടിമുറുക്കി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. ഇരട്ടച്ചങ്കനായ സഖാവ് ആണ് കോടികൾ കീശയിലാക്കിയതെന്നും വാങ്ങികൂട്ടിയ കാശിന് യാതൊരു കണക്കുമില്ലെന്നും ആരോപണമുന്നയിച്ചിട്ടും ഇതിനെതിരെ നടപടികൾക്കായി നീങ്ങാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം പ്രതിപ്രകരണവുമായി വീണ്ടും രംഗത്തെത്തിയത്.

