Tuesday, May 14, 2024
spot_img

മൃതദേഹം പെൺകുഞ്ഞിന്റേത്; ഇരു കാൽ പാദങ്ങളും നഷ്ടപ്പെട്ട നിലയിൽ, അരയിൽ ജപിച്ചു കെട്ടിയ കറുത്ത ചരട്, പത്തനംതിട്ട പുളിക്കീഴിന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച കുഞ്ഞിന്റെ മൃതദേഹ പരിശോധന തുടരുന്നു

പത്തനംതിട്ട: പുളിക്കീഴ് ജങ്ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച കുഞ്ഞിന്‍റെ മൃതദേഹ പരിശോധന തുടരുന്നു. മൃതദേഹം പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫൊറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്‍റെ അരയിൽ ജപിച്ചു കെട്ടിയ കറുത്ത ചരടുണ്ട്. സ്‌നഗിയും ബനിയനും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്നു കിടന്നിരുന്ന നിലയിലുള്ള മൃതദേഹത്തിന്‍റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചതുപ്പിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ചതുപ്പ് നിലത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പോസ്റ്റുമോർട്ടം ചെയ്യും.

Related Articles

Latest Articles