Wednesday, May 15, 2024
spot_img

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടി; മുതലമടയില്‍ ചൊവ്വാഴ്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍

പാലക്കാട് ∙ ഇടുക്കി ചിന്നക്കനാലിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്തുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതലമട പഞ്ചായത്തില്‍ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍ ആചരിക്കും.വിഷയത്തിൽ ജനങ്ങളുടെ ആശങ്ക വ്യക്തമാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് എംഎൽഎയും, മുതലമട പഞ്ചായത്ത് ഭരണസമിതിയും സര്‍വകക്ഷി യോഗത്തിന് ശേഷം അറിയിച്ചു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്ന വിഷയം നിയമപരമായിത്തന്നെ നേരിടാനാണ് സർവകക്ഷി യോഗത്തില്‍ തീരുമാനമായത്. വിഷയത്തിൽ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയതായി നെന്മാറ എംഎൽഎ കെ.ബാബു വ്യക്തമാക്കി .ഹര്‍ത്താല്‍ ഉള്‍പ്പെടെ തുടര്‍ പ്രതിഷേധത്തിനും തീരുമാനിച്ചു. രാഷ്ട്രീയ ഭിന്നത മൂലം എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ രണ്ടിടങ്ങളിലായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.

അതെസമയം പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്ന കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ല എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പനെ കോടനാട് ഉൾപ്പെടെയുള്ള ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന നിർദേശമാണ് ഉയർന്നു വരുന്നതെന്നും എന്നാൽ കോടതിയുടെ ഉത്തരവ് വ്യത്യസ്തമാണെന്നും പറമ്പിക്കുളത്തെ ജനങ്ങളുടെ ഭീതി സർക്കാർ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.

Related Articles

Latest Articles