Saturday, May 11, 2024
spot_img

പൊള്ളുന്ന വേനലിന് ആശ്വാസമായി പെയ്തിറങ്ങിയ മഴ കര്‍ഷകർക്ക് സമ്മാനിച്ചത് താങ്ങാൻ കഴിയാത്ത നഷ്ടം! കൊല്ലം ജില്ലയിൽ വ്യാപക കൃഷി നാശം

കൊല്ലം: വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക കൃഷി നാശം. അഞ്ചൽ, നിലമേൽ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിലെ വാഴകൃഷിയാണ് പ്രധാനമായും കാറ്റത്ത് നശിച്ചത്. താങ്ങാനാവാത്ത നാശനഷ്ടമുണ്ടായതോടെ കൃഷിഭവനിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് കർഷക‌ർ.

അഞ്ചൽ തടിക്കാട് ഹരിത സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരുന്ന 700 ഏത്തവാഴകളാണ് മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ ഒടിഞ്ഞു വീണത്. വിളവെടുപ്പിന് പാകമായ ഏത്തവാഴകളാണ് നശിച്ചത്.നിലമേൽ കരിന്തലക്കോട് യുവ കര്‍ഷകനായ ബിജു ഒന്നരയേക്കർ ഭൂമിയാണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. മഴയിൽ ബിജുവിന്റെ 1100 നേന്ത്രവാഴ നിലം പൊത്തി. 7 ലക്ഷം രൂപ വിറ്റു വരവ് പ്രതീക്ഷിച്ചിരിക്കെയാണ് ഈ നാശനഷ്ടം. കൊട്ടാരക്കരയിൽ കുളക്കട, പത്തനാപുരം എന്നിവിടങ്ങിളിലും വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കൃഷിഭവനിൽ നിന്നുള്ള സഹായം ലഭിച്ചില്ലെങ്കിൽ വലിയ കടക്കെണിയിലാകുമെന്നാണ് കര്‍ഷകർ പറയുന്നത്. മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം.

Related Articles

Latest Articles