എറണാകുളം: കളമശേരിയില്‍ ട്രെയിനില്‍ നിന്ന് വീണ യുവതിക്ക് രക്ഷകരായി പോലീസ് എത്തി. നെട്ടൂര്‍ സ്വദേശി സോണിയയെയാണ് കളമശേരി സ്‌റ്റേഷനിലെ എസ്‌ഐ കെഎ നജീബിന്റെ നേതൃത്വത്തിലുള്ള സംഘം നീണ്ട തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.20നാണ് മാവേലി എക്‌സ്പ്രസില്‍ നിന്ന് സോണിയ വീണത്. വിവരം അറിഞ്ഞ സ്റ്റേഷന്‍ മാസ്റ്റര്‍ കളമശേരി പോലീസിനെ ബന്ധപ്പെട്ടു. ഉടൻ തന്നെ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.എന്നാൽ സൗത്ത് കളമശേരി ഭാഗത്ത് നിന്ന് രണ്ടു കിലോമീറ്ററോളം ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. വീണ്ടും മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സോണിയ സുഖം പ്രാപിച്ച് വരുകയാണെന്ന് പോലീസ് അറിയിച്ചു.

